ഹീത്രൂ വിമാനത്താവളത്തിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി സൗദി

Advertisement

റിയാദ്: ലണ്ടൻ ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയൽ കമ്പനിയും ഇതു സംബന്ധിച്ച കരാർ ഒപ്പുവെച്ചു.

കരാർ അനുസരിച്ച് ഹീത്രു എയർപോർട്ട് ഹോൾഡിങ്‌സിന്റെ ഹോൾഡിങ് സ്ഥാപനമായ എഫ്ജിപി ടോപ്‌കോയുടെ ഓഹരികൾ പിഐഎഫ് സ്വന്തമാക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ഹീത്രുവിലെ നിക്ഷേപാവസരം പ്രയോജനപ്പെടുത്താനാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആഗ്രഹിക്കുന്നത്. ഹീത്രു എയർപോർട്ടിന്റെ 10 ശതമാനം ഓഹരികൾ 300 കോടി ഡോളറിനാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് വിൽക്കുന്നതെന്ന് 2006 മുതൽ ഹീത്രു എയർപോർട്ടിൽ ഓഹരി പങ്കാളിത്തമുള്ള ഫെറോവിയൽ പറഞ്ഞു.

ഓഹരി ഇടപാട് പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്കും സിങ്കപ്പൂർ സോവറീൻ വെൽത്ത് ഫണ്ടിനും ഓസ്‌ട്രേലിയൻ റിട്ടയർമെന്റ് ട്രസ്റ്റിനും ചൈന ഇൻവെസ്റ്റ്‌മെന്റ് കോർപറേഷനും എഫ്ജിപി ടോപ്‌കൊയിൽ ഓഹരി പങ്കാളിത്തമുണ്ട്.