സിംഗപ്പൂർ: സിംഗപ്പൂരിലെ ഷോപ്പിംഗ് മാളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ മോഷണം പൊക്കി സിസിടിവി. ആദ്യ മോഷണം വിജയിച്ചതോടെ വീണ്ടും മോഷ്ടിക്കാനെത്തിയ യുവാവും യുവതിയുമാണ് പിടിയിലായത്.
ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരിലെ ഒരു മാളിലെ ബ്രാൻറഡ് തുണിക്കടയിൽ നിന്ന് ഒരു ലക്ഷം വിലമതിക്കുന്ന വസ്ത്രങ്ങളാണ് സംഘം മോഷ്ടിച്ചത്. ഒക്ടോബർ മാസത്തിലാണ്1,788 സിംഗപ്പൂർ ഡോളർ വിലയുള്ള 64 വസ്ത്രങ്ങൾ പ്രതികൾ അടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യൻ വിദ്യാർത്ഥികളായ ബ്രഹ്മഭട്ട് കോമൾ ചേതൻകുമാറും, അർപ്പിത അരവിന്ദുമാണ് പിടിയിലായത്. ഇരുവരെയും യഥാക്രമം 40, 45 ദിവസം തടവിന് ശിക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരെയും ജയിലിൽ അടച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യം തങ്ങൾ മോഷ്ടിച്ചില്ലെന്ന് പ്രതികൾ വാദിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. കോമളും അർപ്പിതയും സുറ്റഡൻറ് വിസയിൽ സിംഗപ്പൂരിലെത്തിയവരാണ്. ഇന്ത്യക്കാരായ നാല് സുഹൃത്തുക്കൾപ്പൊമാണ് ഇരുവരും താമസിച്ച് വന്നിരുന്നത്. ഇവിടെ വെച്ച് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് തുണിക്കടയിൽ മോഷണം നടത്തിയതെന്നാണ് വിവരം.
യുവതിക്കും യുവാവിനും ഒപ്പം താമസിക്കുന്നവരാണ് ബ്രാൻറഡ് ഷോപ്പിൽ മോഷണത്തിന് പദ്ധതിയിട്ടത്. പിന്നീട് ഇവർ കോമളിനെയും അർപ്പിതയേയും പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. കേസിൽ രണ്ട് പേരെ നവംബർ 22ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇവരിൽ ഒരാൾക്ക് 40 ദിവസവും ഒരാൾക്ക് 65 ദിവസവും തടവ് വിധിച്ചു, ഇരുവരും ശിക്ഷ അനുഭവിച്ച് വരികയാണ്. മോഷണത്തിനായി മുൻകൂട്ടി പ്ലാൻ ചെയ്ത സംഘം ഒക്ടോബറിലാണ് ഷോപ്പിംഗ് മാളിലെത്തുന്നത്.
ഇവിടെ മുൻകൂട്ടി തീരുമാനിച്ച പ്രകാരം ഒരു ബ്രൻറഡ് തുണിക്കടയിൽ കയറി. നാല് പേരും വസ്ത്രങ്ങൾ തെരഞ്ഞെടുത്തു. തുടർന്ന് ഇവയിലെ പ്രൈസ് ടാഗുകൾ നീക്കം ചെയ്തു. ഇതോടെ ബിൽ ചെയ്തില്ലെങ്കിലും വസ്ത്രം പുറത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്നായി. തുടർന്ന് സംഘം സെൽഫ് ചെക്കൗട്ട് ഏരിയയിൽ ടോട്ട് ബാഗുകൾ വാങ്ങി അതിൽ വസ്ത്രങ്ങൾ നിറച്ച് സാധനങ്ങൾക്കെല്ലാം പണം നൽകിയതായി നടിച്ച് ഇവർ സ്ഥലം വിടുകയായിരുന്നു. പിന്നീടാണ് കടയുടമ മോഷണം നടന്നത് മനസിലാക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ വിദ്യാർത്ഥികൾ കുടുങ്ങുകയായിരുന്നു. ആദ്യ മോഷണം നടന്ന് ദിവസങ്ങൾക്ക് ശേഷം ഇതേ കടയിൽ വീണ്ടും മോഷണത്തിന് എത്തിയപ്പോഴാണ് കോമളും അർപ്പിതയും പിടിയിലായത്.