മോസ്കോ: റഷ്യയിലെ ബ്രയാൻസ്കിലെ ഒരു സ്കൂളിൽ സഹപാഠിയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി പതിനാലുകാരി. അഞ്ച് പേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇതിന് ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു. 14 വയസുള്ള ഒരു പെൺകുട്ടി ഒരു പമ്പ് ആക്ഷൻ ഷോട്ട്ഗണ്ണുമായാണ് സ്കൂളില്‍ എത്തിയത്. ഇതിന് ശേഷം സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവെപ്പിന്റെ കാരണവും സാഹചര്യവും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അച്ഛന്‍റെ തോക്കുമായാണ് പെണ്‍കുട്ടി സ്കൂളില്‍ എത്തിയതെന്നാണ് റഷ്യൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, അമേരിക്കയില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലുണ്ടായ വെടിവെയ്പ്പിലെ കൊലയാളി യൂണിവേഴ്സിറ്റി പ്രൊഫസറാണ്. 67 കാരനായ യൂണിവേഴ്സിറ്റി പ്രൊഫസറാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു.
എന്നാല്‍, ഇയാള്‍ക്ക് വെടിവെയ്പ്പ് നടന്ന ലാസ് വേഗസ് ക്യാമ്പസുമായി ബന്ധമില്ല. കൊലയാളിയുടെ മരണം ബന്ധുക്കളെ ബന്ധുക്കളെ അറിയിച്ചതിനുശേഷം പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് പൊലീസ് പറഞ്ഞു. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചിരുന്നു.
വെടിവെയ്പ്പുണ്ടായശേഷം നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.