ടെഹ്റാന്‍ . ഇറാനില്‍ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാര്‍ഷികദിനമായ ഇന്നലെ ഇരട്ട സ്‌ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടു.ഇറാന്റെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.
140 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ നഗരമായ കെര്‍മാനിലെ സാഹിബ് അല്‍ – സമാന്‍ പള്ളിക്ക് സമീപം സുലൈമാനിയെ അടക്കിയ കബറിട പരിസരത്ത് അനുസ്മരണ ചടങ്ങിനിടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സ്യൂട്ട്കേസുകളില്‍ വച്ചിരുന്ന റിമോട്ട് കണ്‍ട്രോള്‍ ബോംബുകളാണ് പൊട്ടിയത്. ഭീകരാക്രമണമാണെന്ന് ഇറാന്‍ അധികൃതര്‍ പറഞ്ഞു.
ഇസ്രയേല്‍ പിന്തുണയുള്ള ഗ്രൂപ്പാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് ഇറാന്‍ വൃത്തങ്ങള്‍ ആരോപിച്ചു.
പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.04 ഓടെ കബറില്‍ നിന്ന് 700 മീറ്റര്‍ അകലെ തിരക്കേറിയ റോഡിലായിരുന്നു ആദ്യ സ്‌ഫോടനം. 13 മിനിറ്റിന് ശേഷം ഒരു കിലോമീറ്റര്‍ അകലെ രണ്ടാം സ്‌ഫോടനമുണ്ടായി.
മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ചിന്നിച്ചിതറി. മരണസംഖ്യ ഉയര്‍ന്നേക്കും. സുലൈമാനിയുടെ അനുസ്മരണത്തിന് ആയിരക്കണക്കിന് പേരാണ് ഒത്തുകൂടിയത്.
ക്രിസ്മസ് ദിനത്തില്‍ സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റവലൂഷണറി ഗാര്‍ഡിന്റെ ഉന്നത കമാന്‍ഡര്‍ റാസി മുസാവി കൊല്ലപ്പെട്ടിരുന്നു. 2010 – 2012 കാലയളവില്‍ ഇറാന്റെ ആണവപദ്ധതിയുടെ നാല് ശാസ്തജ്ഞരെ ഇസയേല്‍ വധിച്ചിരുന്നു.