അറബിക്കടലിൽ ലൈബീരിയൻ ചരക്ക് കപ്പൽ തട്ടിക്കൊണ്ടുപോയി. കപ്പലിലെ ജീവനക്കാരിൽ 15 പേർ ഇന്ത്യക്കാരാണ്. കപ്പൽ റാഞ്ചിയവരെ നേരിടാൻ നീക്കം ആരംഭിച്ചതായി നാവികസേന അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് അക്രമികൾ കപ്പലിൽ കടന്നതായുള്ള സന്ദേശം നാവികസേനക്ക് ലഭിച്ചത്.
കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാവികസേനാ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്ന് പരിശോധിച്ച് വരികയാണ്. യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്കുകപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്.
എംവി ലില നോർഫോർക്ക് എന്ന കാർഗോ ഷിപ്പാണ് തട്ടിക്കൊണ്ടുപോയത്. കപ്പലിലെ ചില ജീവനക്കാരുമായി ആശയവിനിമയം നടത്താൻ സാധിച്ചുവെന്നും നാവികസേനയിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കപ്പലിലുള്ള ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.