മകള്‍ തന്നെ അധികാരി; ഉത്തര കൊറിയയുടെ പിന്തുടര്‍ച്ചാവകാശി കിംമ്മിന്‍റെ മകളെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘന

Advertisement

പോങ്​ഗ്യാങ്: രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍റെ പിന്മാറ്റത്തിന് പിന്നാലെ അന്നത്തെ ലോകശക്തികളായ അമേരിക്കയും റഷ്യയും കൊറിയന്‍ ഉപദ്വീപ് പങ്കിട്ടെടുത്തു. പിന്നീടൊരിക്കലും കൂടിചേരാനാകാത്തവിധം ഒരു ഉപദ്വീപിലെ ജനങ്ങള്‍ രണ്ട് രാജ്യങ്ങളായി പിന്നാലെ മാറ്റപ്പെട്ടു.

കമ്യൂണിസ്റ്റ് ആശയധാര പിന്‍പറ്റിയ ഉത്തര കൊറിയ, പരമ്പരാഗതമായി ഒരു കുടുംബത്തിലെ അംഗങ്ങളെ തന്നെ ഭരണാധികാരികളായി തെരഞ്ഞെടുത്തു. 1945 ല്‍ ഉത്തര കൊറിയയുടെ താൽക്കാലിക പീപ്പിൾസ് കമ്മിറ്റി ചെയർമാനായി കിം ഇൽ സുംഗ് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടിങ്ങോട്ട് ഉത്തര കൊറിയ കിമ്മിന്‍റെ കുടുംബ ഭരണത്തിന്‍ കീഴിലായിരുന്നു. കിംമ്മിന്‍റെ മൂന്നാമത്തെ തലമുറയാണ് ഇന്ന് ഉത്തര കൊറിയ ഭരിക്കുന്ന കിം ജോംഗ് ഉന്‍. കിം ജോംഗ് ഉന്നിന്‍റെ മകള്‍ തന്നെയാണ് അടുത്ത ഉത്തര കൊറിയന്‍ ഭരണാധികാരിയെന്ന് വാര്‍ത്തകള്‍. ദക്ഷിണ കൊറിയന്‍ ചാരസംഘടനയാണ് കിം ജോംഗ് ഉന്നിന്‍റെ മകള്‍ ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയാകുമെന്ന വാര്‍ത്ത ആദ്യം സ്ഥിരീകരിച്ചത്.

42 കാരന്‍ കിം ജോംഗ് ഉന്നിന്‍റെ മകള്‍ കിം ജു ഏയ് പൊതുമധ്യത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 2022 നവംബറിലാണ്. കിം ജോംഗ് ഉന്നിന് മൂന്ന് കുട്ടികളുണ്ടെന്നാണ് കരുതുന്നത്. അതേ സമയം മറ്റ് കുട്ടികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. കിം ജു ഏയ്യുടെ പ്രായം പോലും വിദേശ മാധ്യമങ്ങള്‍ക്ക് കൃത്യമായി അറിയില്ല. കുട്ടിക്ക് പത്ത് വയസ് കാണുമെന്നാണ് വിദേശ മാധ്യമങ്ങള്‍ കണക്കാക്കുന്നത്. 2022 നവംബറില്‍ രാജ്യത്തിന്‍റെ ബാലസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ കാണുന്ന, സൈനിക പരേഡില്‍ കിം ജോംഗ് ഉന്നിനൊപ്പം നില്‍ക്കുന്ന മകള്‍ കിം ജു ഏയ്യുടെ ചിത്രങ്ങള്‍ ഉത്തര കൊറിയ പുറത്ത് വിട്ടിരുന്നു. പിന്നീട് 2023 ല്‍ നടന്ന ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് 18 വിക്ഷേപണം, മലിംഗ്യോഗ് 1 ചാര ഉപഗ്രഹ വിക്ഷേപണം തുടങ്ങിയവ കാണാനും കിം ജു ഏയ് എത്തി. ഇതോടെ കിം ജോംഗ് ഉന്നിന്‍റെ പുന്തുടര്‍ച്ചാവകാശിയാണ് കിം ജു ഏയ് എന്ന് വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു.

ഉത്തര കൊറിയയുടെ പിന്തുടര്‍ച്ചാ പദ്ധതി സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും പരിശോധിച്ചെന്നും ഇങ്ങനയൊണ് കിം ജോംഗ് ഉന്നിന്‍റെ പിന്തുടര്‍ച്ചാവകാശി കിം ജു ഏയ് ആണെന്ന അനുമാനത്തിലെത്തിയതെന്നും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍ഐഎസ് (National Intelligence Service) വ്യക്താക്കുന്നു. നവംബറില്‍ ആദ്യമായി കിം ജു ഏയ് മാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ കിംമ്മിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ഊഹാപോഹങ്ങളായിരുന്നു. നിലവില്‍ കിം ആരോഗ്യവാനാണെന്നും അതിനാല്‍ അധികാര കൈമാറ്റം പെട്ടെന്ന് നടക്കില്ലെങ്കിലും മകളെ അടുത്ത, കരുത്തയായ ഭരണാധികാരിയായി വളര്‍ത്തി കൊണ്ട് വരികയാണ് കിംമ്മിന്‍റെ ലക്ഷ്യമെന്നും കരുതുന്നു. കിംമ്മിന്‍റെ വ്യക്തി ജീവിതവും കുടുംബ ജീവിതവും അങ്ങേയറ്റം രഹസ്യാത്മകമാണ്. റി സോൾ ജുവുമായുള്ള കിംമ്മിന്‍റെ വിവാഹം പോലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറം ലോകമറിഞ്ഞത്.

Advertisement