അപകടത്തിൽ രണ്ട് കുട്ടികളും മരിച്ചു; പരേതനായ ഭർത്താവിൽ നിന്ന് കുഞ്ഞ് വേണമെന്ന് 62കാരി, അനുവാ​ദം നൽകി കോടതി

Advertisement

സിഡ്നി: മരിച്ച ഭർത്താവിന്റെ ബീജം ​ഗർഭധാരണത്തിന് ഉപയോ​ഗിക്കാൻ അനുവദിക്കണമെന്ന 62കാരിയുടെ ആവശ്യം അം​ഗീകരിച്ച് കോടതി. ദമ്പതികൾക്ക് രണ്ട് കുട്ടികളെ അപകടത്തിൽ നഷ്ടമായിരുന്നു.

61കാരനായ ഭർത്താവ് ഡിസംബർ 17ന് രാവിലെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വീട്ടിൽ വച്ച് പെട്ടെന്ന് മരിച്ചു. മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ഇവരുടെ ആ​ഗ്രഹമായിരുന്നു. എന്നാൽ, ഭർത്താവ് അപ്രതീക്ഷിതമായി മരിച്ചു. തുടർന്നാണ് യുവതി മരിച്ച ഭർത്താവിൽ നിന്ന് ബീജം വേർതിരിച്ചെടുക്കാൻ സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയുടെ ആവശ്യം അം​ഗീകരിച്ച ജസ്റ്റിസ് ഫിയോണ സീവാർഡ്, പരേതനായ ഭർത്താവിൽ നിന്ന് ബീജകോശ കോശങ്ങൾ നീക്കം ചെയ്യാൻ യുവതിക്ക് അനുമതി നൽകി. മൃതദേഹം പെർത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇവരുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചു. 2013ൽ മീൻപിടിക്കുന്നതിനിടെ 29 വയസ്സുള്ള മകൾ മുങ്ങിമരിച്ചു. 2019 ലെ വാഹനാപകടത്തിൽ 30 വയസ്സുള്ള മകൻ കൊല്ലപ്പെട്ടു. മക്കളില്ലാതായതോടെ ദമ്പതികൾ വർഷങ്ങളോളം മറ്റൊരു കുട്ടിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. 39 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പുരുഷന്റെ ബീജം ഉപയോഗിച്ച് വാടക ​ഗർഭ പാത്രത്തിലൂടെ കുഞ്ഞിനായി താനും ഭർത്താവും ചർച്ച ചെയ്തിരുന്നതായി ഭാര്യ കോടതിയിൽ പറഞ്ഞു. 62കാരിയായതിനാൽ ഭാര്യക്ക് ​ഗർഭം ധരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു.

എന്നാൽ ഭർത്താവിന്റെ ബീജം പരിശോധിച്ചപ്പോൾ അത് ഐവിഎഫിൽ ഉപയോഗിക്കാൻ അനുയോജ്യമാണെന്ന് കണ്ടെത്തി. തുടർന്നാണ് അവർ കോടതിയ സമീപിച്ചത്. 2018ലും സമാന സംഭവമുണ്ടായിരുന്നു. 42-കാരിയായ സ്ത്രീ, കുഞ്ഞിനെ ജനിപ്പിക്കുന്നതിനായി തന്റെ മരിച്ച പങ്കാളിയുടെ ശീതീകരിച്ച ബീജം ഉപയോ​ഗിക്കാൻ അനുമതി നേടി.