ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമാകാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദ്ദാരിയുടെ പി.പി.പിക്ക് (പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) നവാസ് ഷെരീഫിന്റെ പി.എം.എല്‍- എന്‍ (പാകിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ്) പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്.
എന്നാല്‍, പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ ബിലാവല്‍ സഖ്യത്തില്‍ ചേരില്ലെന്ന് പാര്‍ട്ടി നേതാവ് ഫൈസല്‍ കരീം പറഞ്ഞു. ഇന്ന് നടക്കുന്ന പാര്‍ട്ടി സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് ശേഷം ബിലാവല്‍ തീരുമാനം പ്രഖ്യാപിക്കും.
നാഷണല്‍ അസംബ്ലിയില്‍ സ്പീക്കര്‍, സെനറ്റ് ചെയര്‍മാന്‍ പദങ്ങളും പി.പി.പിക്ക് നല്‍കാന്‍ ഷെരീഫിന്റെ പാര്‍ട്ടി തയ്യാറാണെന്നാണ് വിവരം. പഞ്ചാബ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും ഷെരീഫ് പി.പി.പിയുടെ സഹായം തേടി. ബലൂചിസ്ഥാനില്‍ മുഖ്യമന്ത്രി പദവും പഞ്ചാബില്‍ ഉപമുഖ്യമന്ത്രിപദവും പി.പി.പിക്ക് നല്‍കാന്‍ ഷെരീഫ് തയ്യാറാണെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുകയാണ് ഷെരീഫിന്റെ ലക്ഷ്യം. സൈന്യത്തിന്റെ പിന്തുണയും ഷെരീഫിനുണ്ട്.
ഇതിനിടെ, തങ്ങളുമായി സഖ്യം ചേരാന്‍ എം.ക്യു.എം- പി പാര്‍ട്ടി തത്വത്തില്‍ കരാറിലെത്തിയെന്ന് പി.എം.എല്‍- എന്‍ അവകാശപ്പെട്ടു. എന്നാല്‍, എം.ക്യു.എം- പി കണ്‍വീനര്‍ ഖാലിദ് മഖ്ബൂല്‍ ഇത് തള്ളി. 17 സീറ്റാണ് ഇവര്‍ക്കുള്ളത്. തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെ പൂര്‍ണമായും പുറത്തുവന്നപ്പോള്‍ 93 സീറ്റുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പി.ടി.ഐയുടെ (പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ്) സ്വതന്ത്രരാണ് മുന്നില്‍. പി.എം.എല്‍- എന്നിന് 74ഉം പി.പി.പിക്ക് 54ഉം വീതം സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷമായ 134 സീറ്റിലേക്കെത്താന്‍ ആര്‍ക്കും സാധിച്ചില്ല.
പി.ടി.ഐ സ്വതന്ത്രന്‍ പി.എം.എല്‍- എന്നില്‍
പി.ടി.ഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ പി.എം.എല്‍- എന്നില്‍ ചേര്‍ന്നു. വോട്ടെണ്ണലില്‍ കൃത്രിമം ആരോപിച്ച് പി.ടി.ഐ ഇന്നലെ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ലാഹോറിലടക്കം നിരവധി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നവാസുമായും ബിലാവലുമായും സഖ്യത്തിനില്ലെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ അംഗീകരിച്ചില്ലെങ്കില്‍ പ്രതിപക്ഷ സ്ഥാനം തിരഞ്ഞെടുക്കുമെന്നുമാണ് പി.ടി.ഐയുടെ നിലപാട്.