ദുബായ് : ദുബായ് സർക്കാരിന് ഇനി പുതിയ ലോഗോ. ഞായറാഴ്ച ചേർന്ന എക്സിക്യുട്ടീവ് കൗൺസിൽ യോഗത്തിൽ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ ലോഗോയ്ക്ക് അംഗീകാരം നൽകി. എല്ലാ സർക്കാർ സ്ഥാപനങ്ങളും അടുത്ത ആറുമാസത്തിനകം പുതിയ ലോഗോയിലേക്ക് മാറണം.
ഭാവിനഗരമാകാനുള്ള ദുബായുടെ ലക്ഷ്യങ്ങളോട് യോജിക്കുന്നവിധത്തിലാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ഫാൽക്കൺ, ദൗ ബോട്ട് (യു.എ.ഇ.യുടെ പരമ്പരാഗത ബോട്ട്), ഈന്തപ്പന, ഗാഫ് ഇലകൾ, പതാക എന്നിങ്ങനെ അഞ്ച് അടയാളങ്ങളാണ് ലോഗോയിലുള്ളത്. ഫാൽക്കൺ അഭിമാനത്തിന്റെയും ശക്തമായ വീക്ഷണത്തിന്റെയും പ്രതീകമാണ്. ദുബായുടെ ചരിത്രം, സംസ്കാരം എന്നിവയുടെ പ്രതീകമായി ദൗ, ദാനത്തിന്റെയും ആതിഥ്യമര്യാദയുടെയും പ്രതീകമായി ഈന്തപ്പന, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയിലേക്ക് വിരൽചൂണ്ടി ഗാഫ് ഇലകൾ എന്നിവ നിലകൊള്ളുന്നു. ‘‘ദുബായുടെ വികസനത്തിനും ഭരണകൂടത്തിന്റെ കാഴ്ചപ്പാടിനും പുതിയ ലോഗോ സാക്ഷ്യംവഹിക്കും. എല്ലാ സർക്കാർസ്ഥാപനങ്ങളിലും പുതിയ ലോഗോ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്’’ -ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.