കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് വര്‍ഷത്തോളം മോഷണങ്ങള്‍ നടത്തി പിടിക്കപ്പെടാതിരുന്ന മോഷ്ടാവ് ഒടുവില്‍ പിടിയില്‍. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് കള്ളനെ പിടികൂടിയത്. റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളിലെ മോഷണങ്ങള്‍, തുറസ്സായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറുകള്‍, പവര്‍ ജനറേറ്ററുകള്‍, ക്യാമ്പുകളില്‍ നിന്നുള്ള വീട്ടുപകരണങ്ങള്‍ എന്നിവ മോഷ്ടിക്കുന്നതില്‍ വിദഗ്ധനായ മോഷ്ടാവാണ് അറസ്റ്റിലായത്.
ഹവല്ലിയില്‍ വെച്ചാണ് കുറ്റവാളിയെ ഡിറ്റക്ടീവുകള്‍ പിടികൂടിയത്. കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലായി ഇയാള്‍ക്കെതിരെ 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1989-ല്‍ ജനിച്ച ഇയാള്‍ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നതെന്നും വ്യക്തമായി. ഹവല്ലി, സല്‍വ പ്രദേശങ്ങളില്‍ മുമ്പ് രേഖപ്പെടുത്തിയ നിരവധി കുറ്റകൃത്യങ്ങള്‍ താനാണ് ചെയ്തതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ഹവല്ലി ഗവര്‍ണറേറ്റില്‍ വാഹന ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള മോഷണക്കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് മോഷ്ടാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഇരുട്ടിന്റെ മറവില്‍ മുഖംമൂടി ധരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.