തിരക്ക്, മലേഷ്യന്‍ ഗായിക ഭര്‍ത്താവിനായി വേറേ വിവാഹം നടത്തി

Advertisement

തന്റെ ഭര്‍ത്താവിന് മറ്റൊരു പങ്കാളിയെ കണ്ടെത്താന്‍ സഹായിച്ചുവെന്നുള്ള പ്രശസ്ത മലേഷ്യന്‍ ഗായിക അസ്ലിന്‍ ആരിഫ് എന്ന എസ്ലിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തിഗത വളര്‍ച്ചയ്ക്കുമാണ് ഈ തീരുമാനമെന്ന എസ്ലിന്റെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ 1.73 ലക്ഷം ഫോളോവേഴ്സ് ഉള്ള എസ്ലിന്‍ മലേഷ്യയിലെ അറിയപ്പെടുന്ന ഗായികയാണ്. 2002ല്‍ പുറത്തിറങ്ങിയ ‘ഹായ് ഹായ് ബൈ ബൈ’ എന്ന ഗാനത്തിലൂടെയാണ് അവര്‍ പ്രശസ്തയായത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പുതിയ ഗാനങ്ങളൊന്നും ഇവര്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും മലേഷ്യന്‍ ടെലിവിഷന്‍ ഷോപ്പിംഗ് ചാനലായ സൂകെ ഷോപ്പില്‍ ഇവര്‍ സജീവമാണ്. തന്റെ ആരാധകര്‍ക്കുവേണ്ടി ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കുകയാണ് ഇതിലൂടെ.

2021-ലാണ് വാന്‍ മുഹ്ദ് ഹാഫിസാമെന്നയാളെ എസ്ലിന്‍ വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഹാഫിസാം 26 വയസ്സുകാരിയായ ഡോക്ടറെ വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം തന്റെ ആശയമായിരുന്നുവെന്ന് എസ്ലിന്‍ പറഞ്ഞു. രണ്ടാമതൊരു ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവിനെ സഹായിച്ചത് 42 കാരിയായ എസ്ലിനാണ്. താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തുമ്‌ബോള്‍ രണ്ടാം ഭാര്യക്ക് ഭര്‍ത്താവിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുമെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും എസ്ലിന്‍ പറഞ്ഞു.

”ഞാന്‍ വളരെ തിരക്കുള്ള വ്യക്തിയാണ്. ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടി വരാറുണ്ട്. അതിനാല്‍ എനിക്ക് പലപ്പോഴും അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. അതിനാല്‍ വീട്ടുജോലികളില്‍ എന്നെ സഹായിക്കാന്‍ എനിക്ക് മറ്റൊരാള്‍ കൂടി വേണമെന്ന് തോന്നി,” അവര്‍ പറഞ്ഞു.