27-കാരി ഒരു മണിക്കൂറിനുള്ളില്‍ ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്

Advertisement

27-കാരി ഒരു മണിക്കൂറിനുള്ളില്‍ ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ ജില്ലാ ആശുപത്രിയിലാണ് അത്യപൂര്‍വ്വ പ്രസവം നടന്നത്. സീനത്ത് വഹീദ് എന്ന റാവല്‍പിണ്ടി സ്വദേശിനിക്കാണ് ആറ് കുട്ടികള്‍ ജനിച്ചത്. നാല് ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമാണ് യുവതി ജന്മം നല്‍കിയത്. കുട്ടികള്‍ സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സീനത്തിന്റെ ആദ്യ പ്രസവം സാധാരണമായിരുന്നു. രണ്ടാമത്തെ പ്രസവത്തിലാണ് അവര്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രസവവേദനയെ തുടര്‍ന്നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അവര്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യത്തെ രണ്ട് കുട്ടികള്‍ ആണ്‍കുട്ടികളായിരുന്നു. പിന്നീട് പുറത്ത് വന്നത് ഒരു പെണ്‍കുഞ്ഞ്. പിന്നാലെ മറ്റ് കുട്ടികളും പുറത്ത് വന്നു. പ്രസവത്തെ തുടര്‍ന്ന് സീനത്ത് ചില സങ്കീര്‍ണതകളിലൂടെ കടന്ന് പോയെങ്കിലും ഇപ്പോള്‍ അവരുടെ ആരോഗ്യം മെച്ചെപ്പെട്ടെന്ന് ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ഗര്‍ഭങ്ങള്‍ അസാധാരണവും അത്യപൂര്‍വ്വവുമാണെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. ഓരോ 4.5 ദശലക്ഷം ഗര്‍ഭധാരണങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു അസാധാരണത്വം കാണാനാവുകയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.