കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ;ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Advertisement

കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച്‌ പഠനം നടത്തി ഗവേഷകർ. കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ ആളുകള്‍ കാൻസറിനിടയാക്കുന്ന രാസവസ്തുക്കള്‍ ശ്വസിക്കുകയാണെന്നും കരുതല്‍വേണമെന്നും എൻവയോണ്‍മെന്റല്‍ സയൻസ് ആന്റ് ടെക്നോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

2015-നും 2022-നും ഇടയില്‍ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് 99 ശതമാനം കാറുകളിലും റ്റി സി ഐ പി പി (TCIPP )എന്ന ഫ്ലെയിം റിട്ടാർഡന്റ് അഥവാ തീപടരുന്നത് തടയാനും മന്ദഗതിയിലാക്കാനും ഉപയോഗിക്കുന്ന വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. അമേരിക്കയിലെ നാഷണല്‍ ടോക്സിക്കോളജി പദ്ധതിയുടെ ഭാഗമായി കാൻസർ സാധ്യതാ ഘടകങ്ങളുടെ പരിധിയില്‍ അന്വേഷണം നടത്തുന്ന കെമിക്കലാണിത്.

മിക്ക കാറുകളിലും , TDCIPP and TCEP എന്നീ രണ്ട് ഫ്ലെയിം റിട്ടാർഡന്റുകളുണ്ടെന്നും ഇവ കാൻസറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തില്‍ പറയുന്നു. മാത്രമല്ല ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ഗവേഷകർ പറയുന്നു. കാലിഫോർണിയയിലെ ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കാറിനുള്ളില്‍ സമയം ചെലവഴിക്കുന്നത് കണക്കിലെടുത്താല്‍ തന്നെ ഇതൊരു പൊതുജനാരോഗ്യ പ്രശ്നമായി സമീപിക്കണമെന്ന് ഡ്യൂക് സർവകലാശാലയിലെ ഗവേഷകനും ടോക്സിക്കോളജി സയന്റിസ്റ്റുമായ റെബേക്ക ഹോയിൻ പറഞ്ഞു.