ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍.
ഇബ്രാഹീം റെയ്സിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവരും മരണമടഞ്ഞതായി ഇറാന്‍ റെഡ് ക്രെസന്റ് ചെയര്‍മാന്‍ ഇറാന്‍ ടെലിവിഷനിലൂടെ അറിയിച്ചു. ഒപ്പം ഉണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്. ഹെലികോപ്റ്ററില്‍ ഒമ്ബത് പേര്‍ ഉണ്ടായിരുന്നതായും ആരേയും ജീവനോടെ കണ്ടെത്താനായിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട സ്ഥലം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.
അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്. റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു. മഴയും മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. രക്ഷാദൗത്യത്തിന് സഹായവുമായി റഷ്യയും തുര്‍ക്കിയും രംഗത്തെത്തിയിരുന്നു.
മെയ് 19നായിരുന്നു റെയ്‌സി അസര്‍ബൈജാനിലെത്തിയത്. നേരത്തെ 2023 ടെഹ്റാനിലെ അസര്‍ബൈജാന്‍ എംബസിക്ക് നേരെയുണ്ടായ വെടിവെയ്പ്പും ഇറാന്റെ ഷിയാനേതൃത്വം പ്രധാന ശത്രുവായി കാണുന്ന ഇസ്രായേലുമായുള്ള അസര്‍ബൈജാനിന്റെ നയതന്ത്ര ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്ന പശ്ചാത്തലത്തിലായിരുന്നു റെയ്‌സിയുടെ അസര്‍ബൈജാന്‍ സന്ദര്‍ശനം.
അന്താരാഷ്ട്ര സമൂഹം ആശങ്ക പ്രകടിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇറാഖ്, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, സിറിയ, റഷ്യ, തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളും സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. തിരയല്‍ ശ്രമങ്ങളെ സഹായിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ദ്രുത പ്രതികരണ മാപ്പിംഗ് സേവനം പോലും സജീവമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിലൂടെ അനുശോചനം രേഖപ്പെടുത്തി. ‘ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. സെയ്ദ് ഇബ്രാഹിം റൈസിയുടെ ദാരുണമായ വിയോഗത്തില്‍ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാന്‍ ജനതയ്ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നില്‍ക്കുന്നു,” പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.