ബോളിവുഡ് നടി നൂര്‍ മാളബിക ദാസിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Advertisement

ബോളിവുഡ് നടി നൂര്‍ മാളബിക ദാസിനെ(32) ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ലൊകന്‍ഡവാലയിലെ ഫ്‌ലാറ്റില്‍ ജൂണ്‍ ആറിനാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഓഷിവാര പൊലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ നടിയുടെ മൃതദേഹം കണ്ടെത്തിയത്. മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗോരേഗാവിലെ സിദ്ധാര്‍ത്ഥ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി താരം ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
അസം സ്വദേശിയാണ് നൂര്‍. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായും താരം ജോലി ചെയ്തിരുന്നു. കജോള്‍ നായികയായെത്തിയ ദ് ട്രയലിലും നൂര്‍ അഭിനയിച്ചിട്ടുണ്ട്. സിസ്‌കിയാന്‍, വാക്കാമന്‍, തീഖി ചട്‌നി തുടങ്ങി നിരവധി സിനിമകളിലും നൂര്‍ അഭിനയിച്ചു.