കുവൈത്ത് തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സ്ഥിരീകരിച്ച് അഗ്നിരക്ഷാ സേന

Advertisement

കുവൈത്ത് സിറ്റി: മംഗഫിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷ വകുപ്പ്. ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നും പാചക വാതക സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കുവൈത്ത് അഗ്നിരക്ഷാ സേന അറിയിച്ചു.
ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയടക്കം പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്‌ളാറ്റിനുള്ളിൽ മുറികൾ തിരിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികൾ അതിവേഗം തീ പടരാൻ ഇടയാക്കി. ഈ വസ്തുക്കൾ കത്തിയത് വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾ നിലയിലേക്ക് പടർന്നു

ആറ് നില കെട്ടിടത്തിലെ 24 ഫ്‌ളാറ്റുകളിലെ 72 മുറികളിലായി 196 പേരാണ് താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് ഇവിടേക്ക് കയറാനായില്ല. അപകടമുണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാമ്പിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു.

Advertisement