മിനാ.ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം. തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ എത്തി. നാളെയാണ് ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമം. മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലായി 6 ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ് ഹജ്ജ് കര്‍മങ്ങള്‍.
ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ 20 ലക്ഷത്തോളം തീര്‍ഥാടകര്‍ മിനായില്‍ തമ്പടിച്ചിരിക്കുകയാണ്. ഇന്ന്‍ മിനായില്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. നാളെ അറഫാ സംഗമത്തിനുള്ള തയ്യാറെടുപ്പായാണ് ഇന്നത്തെ മിനായിലെ താമസം കണക്കാക്കപ്പെടുന്നത്. യൌമുത്തര്‍വിയ്യ, അഥവാ വിശ്രമം ദിനം എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ന് പ്രത്യേകിച്ച് മറ്റു ആരാധനാ കര്‍മങ്ങളൊന്നും തീര്‍ഥാടകര്‍ക്ക് നിര്‍വഹിക്കാനില്ല. നാളെ നടക്കുന്ന ഹജ്ജിന്‍റെ പ്രധാന കര്‍മമായ അറഫാ സംഗമത്തിനായി പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകര്‍ മിനായില്‍ നിന്നു യാത്ര തിരിക്കും. നാളെ പകല്‍ മുഴുവന്‍ അറഫയില്‍ സംഗമിച്ച് ഹാജിമാര്‍ പാപ മോചന പ്രാര്‍ഥനകളിലും മറ്റു ആരാധനാ കര്‍മങ്ങളിലും മുഴുകും. സൂര്യന്‍ അസ്തമിക്കുന്നതോടെ അറഫയില്‍ നിന്നു മുസ്ദലിഫയിലേക്ക് നീങ്ങും. നാളെ രാത്രി മുസ്ദലിഫയിലെ തുറന്ന മൈതാനത്ത് കഴിച്ചു കൂട്ടുന്ന തീര്‍ഥാടകര്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. ഞായറാഴ്ച രാവിലെ മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തി ജംറയില്‍ കല്ലേറ് കര്‍മം നടത്തും. ബലി പെരുന്നാള്‍ ദിവസമായ ഞായറാഴ്ച തീര്‍ഥാടകര്‍ ബലി നല്കുകയും, മുടിയെടുക്കുകയും, വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുകയും ചെയ്ത് ഇഹ്റാമിന്‍റെ പ്രത്യേക വസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിക്കും. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മിനായിലെ തമ്പുകളില്‍ താമസിച്ച് ഹാജിമാര്‍ 3 ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. ബുധനാഴ്ചയോടെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി എല്ലാ തീര്‍ഥാടകരും മിനായോട് വിടപറയും. അനധികൃത തീര്‍ഥാടകരെ തടയാന്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. നുസുക് കാര്‍ഡ് ഉള്ള തീര്‍ഥാടകരെ മാത്രമാണു മിനായിലേക്ക് പ്രവേശിപ്പിക്കുന്നത്. പുണ്യസ്തലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാന്‍ മെട്രോ സര്‍വീസും, ബസ് സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെയും മേല്‍നോട്ടത്തിലാണ് കര്‍മങ്ങള്‍ പുരോഗമിക്കുന്നത്.