കുവൈറ്റ് തീപിടിത്തം ; ഉത്തരവാദിത്തത്തില്‍ നിന്നൊഴിയില്ലെന്ന് കമ്പനി എം ഡി, കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ കൂടാതെ 4 വര്‍ഷത്തെ ശമ്പളം ഇന്‍ഷ്വറന്‍സായും ലഭ്യമാക്കും

Advertisement

കൊച്ചി: കുവൈറ്റ് അപകടം ദൗര്‍ഭാഗ്യകരമമെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയില്ലെന്നും എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെ ജി എബ്രഹാം.

കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും . വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തില്‍ കെജി എബ്രഹാം പ്രതികരിച്ചത്.

അപകട ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈറ്റ്, ഇന്ത്യ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി അറിയിച്ചു. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം തങ്ങള്‍ എന്നും ഉണ്ടാകുമെന്നും കെജി എബ്രഹാം പറഞ്ഞു. കമ്പനി എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കും. മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളം ഇന്‍ഷ്വറന്‍സായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടായ കെട്ടിടം പാട്ടത്തിനെടുത്തതാണ്. ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കുന്നില്ല. അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെ ജി എബ്രഹാം പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയം 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. കെട്ടിടത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ചികിത്സയില്‍ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം പറഞ്ഞു.

Advertisement