മിന.ഹജ്ജ് കര്‍മങ്ങള്‍ മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചു. മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ള ദിവസമാണ് ഇന്ന്. അതേസമയം സൌദി ഉള്‍പ്പെടെ പല രാജ്യങ്ങളും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.
അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞ് ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തി. ബലിപെരുന്നാള്‍ ദിവസമായ ഇന്ന് ഹജ്ജ് തീര്‍ഥാടകരെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ദിവസമാണ്. മുസ്ദലിഫയില്‍ നിന്നെത്തിയ ഹാജിമാര്‍ മിനായിലെ ജംറയില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. മൂന്നു ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് ഇന്ന് കല്ലെറിയുന്നത്. ഇന്നലെ രാത്രി മുസ്ദലിഫയില്‍ നിന്നും ശേഖരിച്ച കല്ലുകളില്‍ ഏഴെണ്ണമാണ് ഇന്നത്തെ കല്ലേറ് കര്‍മത്തിനായി ഉപയോഗിക്കുന്നത്. ജംറാ പാലത്തിലെ സൌകര്യവും വിപുലമായ സുരക്ഷാ സന്നാഹവും കാരണം തീര്‍ഥാടകര്‍ക്ക് അനായാസം കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നുണ്ട്. പല തീര്‍ഥാടകരും കല്ലേറ് കര്‍മം രാത്രിയിലേക്ക് മാറ്റിവെച്ച് മിനായിലെ തമ്പുകളില്‍ വിശ്രമിക്കുകയാണ്.
കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ തീര്‍ഥാടകര്‍ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്ന തല്‍ബിയത്തിന് പകരം തക്ബീര്‍ ധ്വനികള്‍ മുഴക്കിത്തുടങ്ങി. ബലി നല്കുക, മുടിയെടുക്കുക, ഹറം പള്ളിയില്‍ പോയി വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്യുക തുടങ്ങിയവയാണ് ഇന്ന് നിര്‍വഹിക്കുന്ന മറ്റ് കര്‍മങ്ങള്‍. കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ തന്നെ തിരിച്ചെത്തും. അടുത്ത മൂന്നു ദിവസം ഹാജിമാര്‍ മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. അതേസമയം സൌദി ഉള്‍പ്പെടെ പല രാജ്യങ്ങളും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഹറം പള്ളികളില്‍ പെരുന്നാള്‍ നമസ്കാരത്തിലും ഖുതുബയിലും പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു വിശ്വാസികളാണ് എത്തിയത്.