ലണ്ടന്‍: മൗത്ത് വാഷുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ വായില്‍ കാന്‍സറുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് പഠനം. മൂന്ന് മാസം ഇവ തുടര്‍ച്ചയായി ഉപയോഗിച്ചവരുടെ വായില്‍ ഫസോബാക്ടീരിയം ന്യൂക്ലിയാറ്റം, സ്‌ട്രെപ്‌റ്റോകോക്കസ് ആന്‍ജിനോസസ് എന്നീ ബാക്ടീരിയകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബെല്‍ജിയത്തിലെ ജേണല്‍ ഓഫ് മൈക്രോബയോളജിയിലെ ലേഖനത്തില്‍ പറയുന്നു. ഈ രണ്ട് ബാക്ടീരീയകളും കാന്‍സറുണ്ടാക്കുന്നവയാണ്.
മൗത്ത് വാഷുകളില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ട്. സ്ഥിരമായ ഉപയോഗം വായക്ക് കേടുവരുത്തും. നല്ല ബാക്ടീരിയകളെയും നശിപ്പിക്കും. അതോടെ ചീത്ത ബാക്ടീരിയകളും രാസവസ്തുക്കളും വായക്കുള്ളില്‍ കുഴപ്പമുണ്ടാക്കും. അപ്പോളോ കാന്‍സര്‍ സെന്ററിലെ ഓങ്കോളജി വിഭാഗം ഡയറക്ടര്‍ ഡോ. അനില്‍ ഡിക്രൂസ് പറഞ്ഞു. വായയില്‍ എത്തുന്ന മൗത്ത് വാഷിലെ ആല്‍ക്കഹോളിനെ (എഥനോള്‍) ശരീരം അസറ്റാല്‍ഡിഹൈഡാക്കി മാറ്റും. ഈ വസ്തു കാന്‍സറുണ്ടാക്കുന്നതാണ്.
മൗത്ത്‌വാഷിന്റെ അമിത ഉപയോഗം വായയെ വരണ്ടതാക്കും. ഉപദ്രവകാരികളായ ബാക്ടീരിയകളെ ഒഴുക്കിക്കളയുന്ന ഉമിനീരിന്റെ ഉത്പാദനം കുറയ്ക്കും. മൃദുവായ കോശങ്ങളെ നശിപ്പിക്കും. അതിനാല്‍ മൗത്ത് വാഷിന്റെ ഉപയോഗം കുറയ്ക്കണം. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുക. അതല്ലെങ്കില്‍ ആല്‍ക്കഹോള്‍ ഇല്ലാത്ത മൗത്ത് വാഷ് ഉപയോഗിക്കുക. എന്തു കഴിച്ചാലും അതിനു ശേഷം വായ് നന്നായി കഴുകുക, നല്ല പേസ്റ്റ് സ്ഥിരമായി ഉപയോഗിക്കുക എന്നിവയാണ് മൗത്ത് വാഷിനു പകരം ചെയ്യാവുന്ന കാര്യങ്ങള്‍. ആഹാരങ്ങള്‍ക്കു ശേഷം പല്ലു തേച്ചാല്‍ മൗത്ത് വാഷ് ഉപയോഗിക്കേണ്ടതുമില്ല.