കുവൈത്തില്‍ ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുമതി. നിലവിലെ സ്പോണ്‍സറുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഈ മാസം 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയാണ് വിസ മാറ്റത്തിന് അവസരം.
വിവിധ മേഖലകളില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരെ രാജ്യത്തിന് അകത്തു നിന്നുതന്നെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക വ്യവസ്ഥകളോടെ മാത്രമായിരിക്കും സ്വകാര്യ മേഖലയിലേക്ക് മാറാന്‍ കഴിയുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവിലെ തൊഴിലുടമയില്‍ നിന്ന് അംഗീകാരം നേടുക, നിലവിലെ തൊഴിലുടമയുമായി ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താമസ കാലയളവ്, ട്രാന്‍സ്ഫര്‍ ഫീ 50 ദിനാര്‍ (ഏകദേശം 600 ദിര്‍ഹം) എന്നിവയാണ് പ്രധാനമായ വ്യവസ്ഥകള്‍.
നിലവിലെ തൊഴിലുടമയുമായുള്ള സേവന കാലയളവിന്റെ ഓരോ വര്‍ഷത്തിനും 10 ദിനാര്‍ അധികമായി ഈടാക്കും. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹിന്റെ ഓഫീസാണ് പുതിയ വീസ ചട്ടങ്ങള്‍ അറിയിച്ചത്.