ദുബൈ: ദുബൈയിലെ മലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. പിന്നാലെ എയര്‍ കേരള എന്ന പേരില്‍ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. നിലവില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നല്‍കിയത്.
തുടക്കത്തില്‍ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എയര്‍ കേരള ഡോമെയിന്‍ സെറ്റ്ഫ്‌ലൈറ്റ് എവിയേഷന്‍ സ്വന്തമാക്കിയത്. ഭാവിയില്‍ അന്താരാഷ്ട്ര സര്‍വീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകള്‍ അറിയിച്ചു.
കമ്പനി യാഥാര്‍ഥ്യമാകുന്നതോടെ ആദ്യ വര്‍ഷം തന്നെ കേരളത്തില്‍ മാത്രം വ്യോമയാന മേഖലയില്‍ 350 ലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകള്‍ ഇതിനുണ്ട്.
കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് സെറ്റ്ഫ്‌ലൈ. airkerala.com എന്ന ബ്രാന്റിലാണ് ഇവര്‍ സര്‍വീസ് നടത്തുക. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.