13 ഇന്ത്യക്കാരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന എണ്ണക്കപ്പൽ ഒമാൻ തീരത്ത് മറിഞ്ഞു

Advertisement

ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ഇതിൽ 13 പേർ ഇന്ത്യൻ പൗരന്മാരാണ്. സ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് മറിഞ്ഞത്.  പ്രധാന വ്യവസായ തുറമുഖമായ ദുഖമിലാണ് അപകടം നടന്നത്. യെമൻ തുറമുഖമായ ഏദനിലേക്ക് പോകുകയായിരുന്ന കപ്പലാണ് മറിഞ്ഞത്. സംഘത്തിൽ മൂന്ന് ശ്രീലങ്കക്കാരും ഉൾപ്പെടുന്നുവെന്നും അധികൃതർ അറിയിച്ചു. കപ്പൽ തലകീഴായി മുങ്ങിയെന്നും എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
 2007 ൽ നിർമ്മിച്ച കപ്പലിന് 117 മീറ്റർ നീളമുണ്ട്. മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് ഒമാനി അധികൃതർ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയതായി ഒമാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.