ദുബൈ: സഊദി അറേബ്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദില്‍ നിക്ഷേപ ഓഫിസ് തുറക്കാന്‍ തായ്‌ലാന്റ് ഒരുങ്ങുന്നു. ബിഒഐ(തായ്‌ലാന്റ്‌സ് ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ്) ആണ് ഇതിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ മിഡില്‍ഈസ്റ്റിലെ ആദ്യ ഓഫിസാവും റിയാദിലേതെന്നാണ് തായ് അധികൃതര്‍ സൂചന നല്‍കുന്നത്. തായ്‌ലാന്റിന്റെ സമ്പദ്‌വ്യവസ്ഥയിലെ ചില പ്രത്യേക മേഖലയിലേക്കു നിക്ഷേപകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ഓഫിസ് ആരംഭിക്കുന്നത്. അതോടൊപ്പം ഗള്‍ഫ് മേഖലയില്‍ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നതായി ബിഒഐ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സഊദി 2030 പദ്ധതിയുടെ ഭാഗംകൂടിയാണ് തായ്‌ലാന്റിന്റെ പുതിയ നീക്കം. എണ്ണയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കി സാമ്പത്തിക രംഗത്ത് പുതിയ വികസന വഴികള്‍ തേടാന്‍ ലക്ഷ്യമിട്ടാണ് സഊദി വിഷന്‍ 2030 അവതരിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇന്നൊവേഷന്‍, ആരോഗ്യം, വിനോദസഞ്ചാരം, കൃഷി, ഭക്ഷ്യ സംസ്‌കരണം, പുനരുപയോഗ ഇന്ധനം തുടങ്ങിയ തായ്‌ലാന്റ് പുരോഗതി കൈവരിച്ചിരിക്കുന്ന മേഖലകൡ അവരുമായി സഹകരിച്ച് സഊദിയുടെ വികനം ഉറപ്പാക്കാനാണ് റിയാദ് ഭരണകൂടം ശ്രമിച്ചുവരുന്നത്.
സഊദിയുമായി പുതിയ ഓഫിസ് വരുന്നതോടെ 10ല്‍ കൂടുതല്‍ എംഒയു(മെമ്മോറാണ്ടംസ് ഓഫ് അണ്ടര്‍സ്റ്റാന്റിങ്്) ഒപ്പിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് തായ് വിദേശകാര്യമന്ത്രി മാരിസ് സങ്കിയാംപോങ്‌സ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ വര്‍ഷം 10 ബില്യണ്‍ യു എസ് ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഈ വര്‍ഷം 12 ബില്യണിലേക്കു എത്തിക്കാനാണ് ഇരുരാജ്യങ്ങളും പദ്ധതിയിട്ടിരിക്കുന്നത്.