അബുദാബി: ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ യു എ ഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് ലക്ഷ്യത്തിലെത്തിച്ചത് 87 ലക്ഷം യാത്രക്കാരെ. കഴിഞ്ഞ മാസം മാത്രം വിമാനക്കമ്പനി കൊണ്ടുപോയത് 15 ലക്ഷം യാത്രക്കാരെയായിരുന്നു.
ജൂണ്‍ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 2023 ഇതേ കാലത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി ഇത്തിഹാദ് എയര്‍ സിഇഒ അന്റൊലോള്‍ഡോ നെവിസ് വ്യക്തമാക്കി. ഇത് തങ്ങളുടെ തുടര്‍ച്ചയായുള്ള വര്‍ച്ചയുടെ സൂചനയാണ്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തെ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 40 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണം നോക്കിയാല്‍ 25 ലക്ഷം യാത്രക്കാരാണ് ഒരൊറ്റ വര്‍ഷത്തിനിടയില്‍ ഇതേ കാലഘട്ടത്തില്‍ കൂടിയിരിക്കുന്നത്. 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ യാത്രക്കാരുടെ എണ്ണമെടുത്താല്‍ 1.64 കോടി യാത്രക്കാരാണ് ഇത്തിഹാദ് എയറിനെ ഉപയോഗപ്പെടുത്തിയത്. ഇത് ഏറെ അഭിമാനകരമായ കാര്യമാണ്. 2023ല്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നത് 76 വിമാനങ്ങളായിരുന്നെങ്കില്‍ 2024ല്‍ 92 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ വിമാനം പറക്കുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ പുതിയ 10 നഗരങ്ങള്‍കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. 2030 ആവുമ്പോഴേക്കും 150 വിമാനങ്ങള്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അന്റൊലോള്‍ഡോ നെവിസ് വെളിപ്പെടുത്തി.