ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു

Advertisement

ടെഹ്റാന്‍ (ഇറാന്‍) : ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ ടെഹ്റാനില്‍ കൊല്ലപ്പെട്ടു. ടെഹ്റാനിലെ ഹനിയയുടെ വസതിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്റെ അര്‍ധ സൈനിക റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇസ്രയേലാണ് ആക്രമിച്ചതെന്നാണ് ഹമാസ് ആരോപണം. അതേസമയം ഹിസ്ബുല്ല തലവന്‍മാരിലൊരാളായ ഫൗദ് ഷുകറിനെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടതിന്‍റെ പിന്നാലെയാണ്‌ ഹനിയയുടെയും മരണം സ്ഥിരീകരിക്കപ്പെട്ടത്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെത്തിയതായിരുന്നു ഹനിയ. ആക്രമണത്തില്‍ ഹനിയയുടെ അംഗ രക്ഷകനും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ സെപാഹ് വാര്‍ത്ത വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ വൈറ്റ് ഹൗസും പ്രതികരിച്ചിട്ടില്ല.

ജൂണില്‍ വടക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹനിയയുടെ കുടുംബത്തിലെ 10 അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. അതിനുമുമ്പ് ഏപ്രിലില്‍ നടന്ന ഇസ്രയേലി വ്യോമാക്രമണത്തില്‍ ഹനിയയുടെ മൂന്ന് ആണ്‍മക്കളും കൊല്ലപ്പെട്ടു.

Advertisement