ഹനിയയുടെ കൊലപാതകം: ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ആയത്തുല്ല ഖമേനി ഉത്തരവിട്ടതായി റിപ്പോർട്ട്

Advertisement

ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാനിൽ വധിക്കപ്പെട്ടതോടെ രാജ്യാന്തര സമൂഹത്തിന് മുന്നിൽ ഇറാന്റെ പ്രതിച്ഛായ നഷടമായിരിക്കുന്നു. തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി വ്യക്തമാക്കിയിട്ടുണ്ട്. ലോക നേതാക്കൾക്ക് ഒട്ടു സുരക്ഷിതമല്ലാത്ത രാജ്യമാണ് ഇറാനെന്ന പ്രതീതി ശക്തമാണ്.

മുഖം രക്ഷിക്കാൻ വേണ്ടി ഇസ്രായേലിനോട് കണക്കു തീർക്കുമെന്ന് പറയുമ്പോഴും എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയാണ് എങ്ങും. ഇറാന്റെ സൈനികആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽ കടന്നു മുൻപ് വകവരുത്തിയിട്ടുണ്ടെങ്കിലും പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണ്. ഇത് ഇറാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലതതിൽ ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ഉത്തരവിട്ടതായി മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഹനിയ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഉത്തരവിട്ടതെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. മൂന്ന് ഉദ്യോഗസ്ഥരിൽ രണ്ട് പേർ ഇറാൻ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിലെ (ഐ.ആർ.ജി.സി) അംഗങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിൽ എത്തിയതായിരുന്നു ഹനിയ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എക്‌സിലെ ഒരു പോസ്റ്റിൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇറാൻ അതിന്റെ അന്തസ്സ്, ബഹുമാനം, അഭിമാനം എന്നിവ സംരക്ഷിക്കുമെന്നും ഇസ്രായേലിന്റെത് ഭീരുത്വം നിറഞ്ഞ നീക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാൻ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാൻ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാൻ കാരണമായതെന്നു കരുതുന്നവരുണ്ട്.

2019 നു ശേഷം ടെഹ്‌റാനിൽ ഹനിയ പതിനഞ്ചോളം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ടെഹ്‌റാൻ സുരക്ഷിതമാണെന്നു ഹമാസ് നേതൃത്വവും കരുതിയിട്ടുണ്ടാവണം. ഏപ്രിലിലെ സംഘർഷത്തിനുമുൻപ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. ഹിസ്ബുല്ലയ്ക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നുണ്ട്, ലബനനിൽനിന്നും സിറിയയിൽ നിന്ന് ഹിസ്ബുല്ലയിലൂടെയാണ് ഇറാൻ ഇസ്രയേലിനെതിരെ പൊരുതിയിരുന്നത്. ഇപ്പോൾ നേരിട്ടും ഏറ്റുമുട്ടാൻ തുടങ്ങിയതോടെ മേഖലയിൽ സംഘർഷം കൈവിട്ടുപോകുമെന്ന ഭീതിയുണ്ട്.

ഇറാനെ സംബന്ധിച്ചിടത്തോളം ഹനിയയുടെ വധം വലിയ അഭിമാനക്ഷതമാണ്. കഴിഞ്ഞ മാസം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. ‘ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ വീട്ടിൽ വകവരുത്തി’ എന്നാണു ഇറാന്റെ പരമോന്നത നേതാവ് പ്രതികരിച്ചത്. ഇതിന്റെ ശിക്ഷ കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement