ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടത് 72 പേരാണ്. ഇതില്‍ 14 പേര്‍ പോലീസുകാരാണ്. സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സംവരണ വിരുദ്ധ സമരമാണ് ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ജൂണ്‍ മാസം ആരംഭിച്ച ദിവസങ്ങള്‍ നീണ്ട സമരത്തില്‍ ഇതോടെ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞിരിക്കുകയാണ്. നേരത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് മിക്ക സര്‍ക്കാര്‍ ജോലികളില്‍ നിന്നും ക്വാട്ട പിന്‍വലിച്ചു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം നേരത്തെ താല്‍ക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചിരുന്നു. പക്ഷേ ഇന്ന് വീണ്ടും ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങുകയായിരുന്നു.
പ്രതിഷേധക്കാര്‍ നിസ്സഹകരണ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയത്. പലയിടത്തും പ്രതിഷേധക്കാരും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതായി ബംഗ്ലാദേശിലെ പ്രമുഖ ദിനപ്രതമായ പ്രഥം ആലോ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട പതിനാല് പോലീസുകാരില്‍ 13 പേര്‍ സിറാജ്ഗഞ്ചിലെ ഇനായത്ത്പൂര്‍ പോലീസ് സ്റ്റേഷനില്‍ ഉള്ളവരാണ്. ഒരാള്‍ കോമില്ലയിലെ എലിയറ്റ്ഗഞ്ചില്‍ നിന്നുള്ളവരാണെന്നും പ്രഥം ആലോ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഘര്‍ഷം വ്യാപകമായതോടെ ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ രാജ്യത്താകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. സോഷ്യല്‍ മീഡിയക്കെല്ലാം നിരോധനമുണ്ട്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കിയതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. രാജ്യത്താകെ പ്രതിഷേധത്തിന്റെ പേരില്‍ അട്ടിമറിക്ക് ശ്രമിക്കുന്നവര്‍ വിദ്യാര്‍ത്ഥികളല്ല, തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. ജനങ്ങളെ ഇവരെ കൈകാര്യം ചെയ്യണമെന്നും ഹസീന ആഹ്വാം ചെയ്തു. സുരക്ഷാ വിഭാഗം ദേശീയ കമ്മിറ്റിയുടെ യോഗവും ചേര്‍ന്നിട്ടുണ്ട് ഹസീന. വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരത്തലിന് കൂടിയാണ് ഈ യോഗം ചേര്‍ന്നത്.