സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ രൂക്ഷം, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടു

Advertisement

ധാക്ക: സര്‍ക്കാര്‍ വിരുദ്ധ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന തലസ്ഥാനമായ ധാക്ക വിട്ടതായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.”അവരും സഹോദരിയും ഗണഭബനില്‍ നിന്ന് (പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി) സുരക്ഷിതമായ സ്ഥലത്തേക്ക് പോയി,’ എന്നാണ് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.


ഷെയ്ഖ് ഹസീനക്ക് ഒരു പ്രസംഗം റെക്കോര്‍ഡ് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും അതിനുള്ള അവസരം ലഭിച്ചില്ല എന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കൊട്ടരത്തിലേക്ക് പ്രതിഷേധക്കാര്‍ കര്‍ഫ്യൂ ലംഘിച്ച് ഇരച്ചെത്തുകയായിരുന്നു. ധാക്കയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ജനക്കൂട്ടം ഓടിയെത്തുന്നതും അവര്‍ ക്യാമറയ്ക്ക് നേരെ കൈവീശി ആഷോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.


ധാക്കയില്‍ കവചിത വാഹനങ്ങളുമായി സൈനികരും പൊലീസും ഷെയ്ഖ് ഹസീനയുടെ ഓഫീസിലേക്കുള്ള വഴികള്‍ മുള്ളുവേലി ഉപയോഗിച്ച് തടഞ്ഞിരുന്നു. എന്നാല്‍ ജനക്കൂട്ടം ഇതെല്ലാം തകര്‍ത്തു. 400,000 പ്രതിഷേധക്കാര്‍ തെരുവിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണസംഖ്യ 300 കടന്നു.


ഇന്നലെ നടന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 98 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ബംഗ്ലാദേശ് സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യും. ഹസീനയുടെ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണ് നീക്കം. ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്ടറില്‍ ഇന്ത്യയിലേക്ക് പറന്നു എന്നാണ് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെവിടെയോ ആണ് ഷെയ്ഖ് ഹസീന എത്തിയിരിക്കുന്നത് എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ് ജോയ് ബംഗ്ലാദേശ് സുരക്ഷാ സേനയോട് കൈയേറ്റം തടയാന്‍ ആവശ്യപ്പെട്ടു. ‘നമ്മുടെ ജനങ്ങളെയും നമ്മുടെ രാജ്യത്തെയും സുരക്ഷിതമായി സൂക്ഷിക്കുകയും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് നിങ്ങളുടെ കടമ.


അതിനര്‍ത്ഥം തിരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാരിനെയും ഒരു മിനിറ്റ് പോലും അധികാരത്തില്‍ വരാന്‍ അനുവദിക്കരുത്, അത് നിങ്ങളുടെ കടമയാണ്,’ വാസെദ് ജോയ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാര്‍ അധികാരം പിടിച്ചെടുക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പുരോഗതിയെ ഇല്ലാതാക്കുമെന്ന് വാസേദ് ജോയ് മുന്നറിയിപ്പ് നല്‍കി. അതിനിടെ പ്രതിഷേധക്കാര്‍ ‘ധാക്കയിലേക്കുള്ള ലോംഗ് മാര്‍ച്ച്’ ആരംഭിച്ചപ്പോഴും ഭരണകക്ഷിയായ അവാമി ലീഗും പ്രതിപക്ഷമായ ബിഎന്‍പിയും ഉള്‍പ്പെടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും മറ്റ് പങ്കാളികളുമായും സൈനിക മേധാവി സൈനിക ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ബംഗ്ലാദേശ് ദിനപത്രമായ പ്രോതോം അലോ റിപ്പോര്‍ട്ട് ചെയ്തു.

Advertisement