പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ ഉത്തരവ്

Advertisement

കുവൈത്ത് സിറ്റി: പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ തീരുമാനവുമായി കുവൈത്ത്. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള റസിഡന്‍സി പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാര്‍ക്കും വിദേശികള്‍ക്കും കമ്പനികളിലോ, സ്ഥാപനങ്ങളിലോ; പങ്കാളികളോ, മാനേജിംഗ് പാട്ട്ണര്‍മാരോ ആയി രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുക.
പദ്ധതികളുടെ ഭാഗമായോ, അതുമല്ലെങ്കില്‍ കമ്പനികളിലോ, ഇതര സ്ഥാപനങ്ങളിലോ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതോ ആയ വര്‍ക്ക് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന റെസിഡന്‍സ് വിസയാണ് ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള ഈ തൊഴില്‍ വിസ.
മലയാളികള്‍ ഉള്‍പ്പെടെയുള്ള മിക്ക പ്രവാസികളും സാധാരണ ഈ വിസയിലാണ് കുവൈത്തില്‍ കഴിയുന്നത്. കുവൈറ്റ് മിനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരെ മൂന്നു ദിവസത്തിനകം പിരിച്ചുവിടണമെന്ന തീരുമാനത്തിനു പിന്നാലെ എത്തിയ പുതിയ ഉത്തരവിനെ ഏറെ ആശങ്കയോടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹം കാണുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച് കുവൈത്തിലെ അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ ജീവിതത്തില്‍ പുതിയ നിയമം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

Advertisement