പാരീസ് ഒളിമ്പിക്‌സ്: ജാവലിനിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ

Advertisement

പാരീസ്: പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിൻ ത്രോയിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ . ഫൈനലിൽ ഇന്ത്യയുടെ സുവർണപ്രതീക്ഷയായിരുന്ന നീരജിന് പക്ഷേ ഇത്തവണ സ്വർണ നേട്ടം സ്വന്തമാക്കാനായില്ല. 89.45 എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് പാരീസിൽ നീരജ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.

ആദ്യ ശ്രമം ഫൗളായ പാകിസ്താന്റെ അർഷാദ് നദീം പക്ഷേ രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക് റെക്കോഡും സ്വർണവും സ്വന്തമാക്കി. 2008-ൽ ബെയ്ജിങ്ങിൽ നോർവെയുടെ ആന്ദ്രെസ് തോർകിൽഡ്സൻ കുറിച്ച 90.57 മീറ്ററിന്റെ റെക്കോഡാണ് അർഷാദ് നദീം മറികടന്നത്. 88.54 മീറ്റർ ജാവലിൻ പായിച്ച ഗ്രെനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് വെങ്കലം.

ഫൈനലിൽ ഒരു ത്രോ മാത്രമാണ് നീരജിന് എറിയാനായത്. ബാക്കിയുള്ള അഞ്ചും ഫൗളായി. ആദ്യ ശ്രമം തന്നെ ഫൗളായതോടെ നീരജിന്റെ താളംതെറ്റി. രണ്ടാം ശ്രമത്തിൽ വെള്ളി മെഡൽ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളിൽ കലാശിച്ചതോടെ നീരജ് അസ്വസ്ഥനായിരുന്നു.

Advertisement