രണ്ട് ഡോക്ടർമാരുമായി നേഴ്സിൻറെ ‘ഡബിൾ ഡേറ്റിംഗ്’; ഒരാൾ വീടും മറ്റേയാൾ കാറും സമ്മാനിച്ചു; പിന്നാലെ ട്വിസ്റ്റ്

Advertisement

പ്രണയം ഏറ്റവും മനോഹരമായ വികാരമാണെന്നാണ് പൊതുവെയുള്ള ധാരണ. അതേസമയം പ്രണയത്തെ ചൊല്ലിയുള്ള വഴക്കുകളും ഏറെയാണ്. ലോകമെമ്പാടും ഇക്കാര്യത്തിൽ മനുഷ്യർ ഏതാണ്ട് ഒരുപോലെയാണ് താനും.

ചൈനയിൽ സമാനമായ ഒരു പ്രണയ വഴക്ക് നടന്നു. പക്ഷേ, അതൊരു ത്രികോണ പ്രണയമായിരുന്നു. ആ പ്രണയ വഴക്കിനൊടുവിൽ ഒരു കാമുകൻ ഐസിയുവിൽ അഡ്മിറ്റാകുന്നത് വരെയെത്തി കാര്യങ്ങൾ. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ആശുപത്രിയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. വുക്സി പീപ്പിൾസ് ഹോസ്പിറ്റലിലെ 50 വയസ്സുള്ള രണ്ട് ഡോക്ടർമാരോട് പുതുതായി ആശുപത്രിയിൽ ജോലിക്ക് കയറിയ 27 -കാരിയായ ഒരു നേഴ്സ് ഒരേ സമയം പ്രണയത്തിലായി.

ഡോക്ടർമാർ തങ്ങൾ ഇരുവരും പ്രണയിക്കുന്നത് ഒരേയാളെയാണെന്ന് തിരിച്ചറിഞ്ഞില്ല. വളരെ വിദഗ്ദമായി തന്നെ നേഴ്സ് രണ്ട് ഡോക്ടർമാരെയും ഒരേസമയം പ്രണയിച്ചു. എന്നാൽ, ഇരുവരും ഇത് തിരിച്ചറിഞ്ഞതോടെ സംഗതിയുടെ കിടപ്പ് മാറി. ഇത് ഡോക്ടർമാരിരുവരും പരസ്പരം പരസ്യമായി ഏറ്റുമുട്ടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ഡോക്ടമാരുടെ പരസ്യ ഏറ്റുമുട്ടലിൽ സു എന്ന് പേരുള്ള ഡോക്ടറുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ അദ്ദേഹത്തെ ഉടനെ തന്നെ ഐസിയുവിലേക്ക് മാറ്റിയെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

പ്രണയ കാലത്ത് ഇരു ഡോക്ടർമാരും നേഴ്സിന് വില കൂടിയ സമ്മാനങ്ങൾ നൽകിയിരുന്നു. ഒരു ഡോക്ടർ നേഴ്സിന് പ്രണയ സമ്മാനമായി ഒരു ആഢംബര വില്ല സമ്മാനിച്ചപ്പോൾ മറ്റേ ഡോക്ടർ സമ്മാനിച്ചത് അത്യാഢംബര കാറാണ്. ഈ സമ്മാനങ്ങളെ ചൊല്ലിയാണ് സംഘർഷം ഉടലെടുത്തതും ഒരു ഡോക്ടർ ഐസിയുവിലായതും. ഡോക്ടർമാർ തമ്മിൽ സംഘർഷം മൂർച്ചിച്ചതിനിടെ യുവതി അവരുടെ വീട്ടിലേക്ക് പോയെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചതായും സംഭവത്തിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തതായും റിപ്പോർട്ടിൽ പറയുന്നു.

Advertisement