സ്റ്റാൻഫോർഡിലെ രണ്ടു വിദ്യാർത്ഥികൾക്ക് ലോകത്തിനു മുന്നിൽ അവരുടെ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ സ്വന്തം വീടിന്റെ ഗരാജ് വാടകക്ക് കൊടുത്ത വീട്ടുടമ ആയിരുന്നു സൂസൻ. അതായിരുന്നു ഗൂഗിളുമായുള്ള സൂസന്റെ പൊക്കിൾക്കൊടി ബന്ധം. വീടിന്റെ ലോൺ അടയ്ക്കാൻ ഒരു മാസവരുമാനം, അതായിരുന്നു അതിനുള്ള കാരണം.
ഒരു വർഷം കഴിഞ്ഞപ്പോൾ ഗൂഗിളിന്റെ ആദ്യത്തെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി, പതിനാറാമത്തെ ജീവനക്കാരിയായി. പരസ്യങ്ങളെ ഗൂഗിളുമായി ബന്ധിപ്പിക്കുക ആയിരുന്നു ആദ്യത്തെ പ്രധാനപ്പെട്ട ചുമതല, അതിന്റെ വമ്പൻ വിജയത്തിനു ശേഷം, വീഡിയോ സർവീസ് ആരംഭിച്ചപ്പോൾ അതിന്റെ അമരക്കാരിയായി. യൂടൂബ് എന്ന സ്റ്റാർട്ടപ്പിനെ ഏറ്റെടുക്കാനുള്ള ആശയം സൂസന്റേതായിരുന്നു. ഒറിജിനൽ വീഡിയോ സർവീസ് എന്ന ഗൂഗിളിന്റെ ചുവടുവയ്പ്പിനു അതു നൽകിയ ആവേഗം ചില്ലറയല്ല.
പിന്നീടങ്ങോട്ട് നമ്മൾ കണ്ടും കേട്ടുമറിഞ്ഞ എല്ലാ യൂടൂബ് അനുഭവങ്ങൾക്കും പിന്നിൽ സൂസൻ വൊജിസ്‌കി എന്ന ടെക് വനിതയുടെ കൈയൊപ്പുണ്ട്. 2014 മുതൽ 2023 വരെ യൂടൂബിന്റെ സിഇഒ ആയിരുന്ന കാലത്ത് പ്രതിയോഗികൾ ഇല്ലാത്തവിധം യൂടൂബ് പടരുകയും പന്തലിക്കുകയും ചെയ്തു. ഇന്നു കാണുന്ന മിക്കവാറും യൂടൂബ് പ്രതിഭാസങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടത് സൂസന്റെ കാലത്താണ് – ഷോർട്സും യൂടൂബ് ടിവിയും യൂടൂബ് പ്രീമിയവും, അങ്ങനെ ലോകത്തിന്റെ ഏറ്റവും വലിയ വീഡിയോ കണ്ടന്റ് പ്ലാറ്റ്ഫോമായി യൂടൂബിനെ വളർത്തി വലുതാക്കി.
എങ്കിലും സൂസന്റെ ഏറ്റവും വലിയ യൂടൂബ് വിപ്ലവമായി കണക്കാക്കുന്നത് മോണിറ്റൈസേഷനാണ്. യൂടൂബർമാർ എന്നൊരു വംശം പിറക്കുന്നത് അങ്ങനെയാണ്. വരുമാനം പങ്കുവച്ചുകൊണ്ടു ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റർമാർക്ക് സൂസൻ തുറന്നുകൊടുത്തത് ഉപജീവനത്തിന്റെ, ആവിഷ്കാരത്തിന്റെ, അനന്തസാധ്യതകളായിരുന്നു.
രണ്ടു വർഷമായി ക്യാൻസറുമായുള്ള കഠിന പോരാട്ടത്തിലായിരുന്നു; 56 മത്തെ വയസ്സിൽ ആ പോരാട്ടം അവസാനിച്ചു.
ലോകത്തെ കൂട്ടിയിണക്കിയ കാഴ്ചകൾക്ക് യൂടൂബ് എന്ന അമരത്വം നൽകി സൂസൻ വിടവാങ്ങി