സൗദി രാജാവിന്റെ കാരുണ്യം; ഖാലിദ് ബിൻ മുഹ്സിന് തന്റെ ഭാരം 610 കിലോഗ്രാമിൽനിന്നും 63ൽ എത്തിക്കാനായി

Advertisement

റിയാദ്: ദേഹം ഒന്ന് അനക്കാൻപോലും സാധ്യമാവാതെ 610 കിലോഗ്രാം തൂക്കവുമായി വലഞ്ഞ സഊദി സ്വദേശി ഖാലിദ് ബിൻ മുഹ്സിൻ ഷാരിക്ക് സഊദി രാജാവിന്റെ കാരുണ്യത്തിൽ തിരിച്ചുകിട്ടിയത് ജീവിതംതന്നെയാണെന്നു പറയാം. മരണത്തെ മാത്രം മുന്നിൽകണ്ട് നാളുകൾ എണ്ണിക്കഴിയുന്നതിനിടെയാണ് സഊദി രാജാവ് ശൈഖ് അബ്ദുല്ല ബിൻ സഊദിന്റെ കാരുണ്യം ഖാലിദിലേക്കു എത്തുന്നത്. അതോടെ ആ ദുരിതജീവിതം പ്രതീക്ഷയുടേതായി. രോഗാവസ്ഥയിൽനിന്ന് ജീവിതം തിരിച്ചുകിട്ടുമെന്ന ആത്മവിശ്വാസവും ഈ യുവാവിന് നേടാനായി.

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മനുഷ്യൻ എന്ന ആരും ഒരിക്കലും ലഭിക്കരുതെന്നു കരുതുന്ന പട്ടവുമായായിരുന്നു ജിസാൻ സ്വദേശിയായ ഖാലിദിന്റെ നരകജീവിതം. ണ്ടണ്ടപത്തു വർഷം മുൻപായിരുന്നു ഏറ്റവും ഉയർന്ന തൂക്കമായ 610ൽ ഈ യുവാവ് എത്തിയത്. സ്വന്തം കാര്യം ചെയ്യാൻപോലും മറ്റൊരാളുടെ സഹായം വേണ്ടിവന്ന അവസ്ഥ.

ശരീരഭാരം കുറക്കാനായുള്ള ശസ്ത്രക്രിയക്ക് വീടിന്റെ ഒരു ചുമർ പൊളിച്ചുമാറ്റിയായിരുന്നു ആശുപത്രിയിലേക്കു എത്തിച്ചത്. ക്രെയിനും ഹൈഡ്രോളിക് സംവിധാനവുമെല്ലാം ഉപയോഗിച്ചായിരുന്നു ആ ഭഗീരഥ പ്രയത്നം. റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച ശേഷം വൻതുക ചെലവുവന്ന അനേകം ശസ്ത്രക്രിയകൾക്ക് ശേഷമായിരുന്നു ജീവതത്തിലേക്കുള്ള മടങ്ങിവരവ്.

ശസ്ത്രക്രിയക്ക് ശേഷം തൂക്കം മുന്നൂറു കിലോഗ്രാമിലേക്കു എത്തിക്കാനായെങ്കിലും പിന്നീട് ആവശ്യം ആത്മവിശ്വാസവും കഠിനമായ ഇച്ഛാശക്തിയും വിശ്രമമില്ലാത്ത പ്രയത്നവുമായിരുന്നു. ഇവയെല്ലാം ഒത്തുവന്നതോടെയാണ് തൂക്കം 63.5ലേക്ക് എത്തിക്കാൻ സാധിച്ചത്. ഇന്ന് സാധാരണ ജീവിതത്തിലേക്കു മടങ്ങി എത്തിയ ഖാലിദിന് തങ്ങളുടെ ഭരണാധികാരിയായ അബ്ദുല്ല രാജാവിനോടുള്ള നന്ദിയും കടപ്പാടും വാക്കുകളിൽ ഒതുക്കി നിർത്താൻ കഴിയുന്നതല്ല.

Advertisement