ആലിംഗനം, ഹസ്തദാനം; സെലൻസ്കിയുടെ തോളിൽ കയ്യിട്ട് മോദി, കൂടിക്കാഴ്ച നടത്തി

Advertisement

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ഊഷ്മളമായ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൈകൂപ്പി സെലൻസ്കിയെ അഭിവാദ്യം ചെയ്ത മോദി ഹസ്തദാനം നൽകി അദ്ദേഹത്തെ ആശ്ലേഷിച്ചു. അടുത്ത സുഹൃത്തിനോടെന്ന പോലെ സെലൻസ്കിയുടെ തോളിൽ കയ്യിട്ടുകൊണ്ടാണു തുടർന്ന് മോദി മുന്നോട്ടു നീങ്ങിയതും. യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ആദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്നിൽ സന്ദർശനം നടത്തുന്നത്.

റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രശ്ന പരിഹാര സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഇരു നേതാക്കളും തനിച്ച് കൂടിക്കാഴ്ച നടത്തും. ആറ് ആഴ്ചകൾക്കു മുൻപ് മോദി റഷ്യൻ സന്ദർശനം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണു യുക്രെയ്നിലും മോദി സന്ദർശനത്തിനെത്തിയത്.

ഇറ്റലിയിൽ വച്ച് നടന്ന ജി 7 സമ്മേളനത്തിൽ മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയതന്ത്രത്തിലൂടെയും ചർച്ചകളിലൂടെയും റഷ്യ–യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് മോദി ഉറപ്പുനൽകിയിരുന്നു. യുക്രെയ്നിലെ പ്രശ്നപരിഹാരത്തിന് മാനുഷികമായ സമീപനമാണു വേണ്ടതെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു. ആ കൂടിക്കാഴ്ചയിലാണു കീവിലേക്ക് സെലൻസ്കി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത്.

പോളണ്ട് സന്ദർശനത്തിന് ശേഷം ട്രെയിനിലാണ് മോദി യുക്രെയ്നിൽ എത്തിയത്. പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി കൂടിക്കാഴ്ച നടത്തി. റഷ്യ–യുക്രെയ്ൻ സംഘർഷം വലിയ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നയതന്ത്ര–സമാധാന ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധഭൂമിയിൽ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല എന്നുള്ളതാണ് ഇന്ത്യയുടെ നിലപാട്. ഏത് പ്രതിസന്ധിയിലും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് മുഴുവൻ മനുഷ്യരാശിക്കും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

നരേന്ദ്ര മോദിയുടെ കഴിഞ്ഞമാസത്തെ റഷ്യൻ സന്ദർശനം പാശ്ചാത്യലോകത്തുണ്ടാക്കിയ കടുത്ത വിമർശനത്തിനു പരിഹാരമായാണു യുക്രെയ്ൻ സന്ദർശനമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇരുസന്ദർശനങ്ങളും ഇന്ത്യ നേരത്തേതന്നെ ഉദ്ദേശിച്ചിരുന്നതാണെന്നു വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ഇരുരാജ്യങ്ങളും മോദി സന്ദർശിച്ചിരുന്നില്ലെങ്കിലും ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളുമായി മറ്റു വേദികളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇരുരാജ്യങ്ങളും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നു മാറിനിന്നു പറയുന്ന നിലപാടിൽനിന്നു ചെറിയൊരു മാറ്റം വരുത്തി, പ്രശ്നപരിഹാരസാധ്യതകൾ ഇരുവരോടും ആരായുന്ന നിലപാടിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നും സൂചനയുണ്ട്. മധ്യസ്ഥതയ്ക്കു ശ്രമിക്കാതെ ഇരുവരുടെയും നിലപാടുകൾ മനസ്സിലാക്കി രമ്യതയ്ക്കു സാധ്യതയുണ്ടെങ്കിൽ അക്കാര്യം വൻശക്തികളുമായി ചർച്ച ചെയ്യാനാവും ഇന്ത്യയുടെ ശ്രമം.