പ്യോങ്യാങ്: ഉത്തരകൊറിയയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച് ഏകാധിപതി കിം ജോങ് ഉന്‍.
ദക്ഷിണകൊറിയന്‍ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം അവസാനമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈയില്‍ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തില്‍ ആയിരത്തോളം പേര്‍ മരിച്ചിരുന്നു. കനത്ത മഴയും ഉരുള്‍പ്പൊട്ടലും ചാങ്ഗാങ് പ്രവിശ്യയില്‍ കനത്ത നാശം വിതയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, വെള്ളപ്പൊക്കത്തിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന ശിക്ഷ നല്‍കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടതെന്ന് ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ ചോസുന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഴിമതി, കൃത്യനിര്‍വഹത്തില്‍ വീഴ്ചവരുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. സിന്‍ജുവില്‍ നടന്ന അടിയന്തര പോളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം ജോങ് ഉന്നിന്റെ നിര്‍ദേശം പുറത്തുവന്നത്.
വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ 20-30 ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം അവസാനം ഒരേ സമയം വധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 2019 മുതല്‍ ചാങ്ഗാങ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ് ഹൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടിക്ക് വിധേയരായവരില്‍ ഉള്‍പ്പെടുന്നതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം 4,000ത്തോളം കുടുംബങ്ങളെ ബാധിച്ചിരുന്നു. 15,000 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പേര്‍ക്കാണ് വീടും മറ്റ് സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നത്.
ഇതിനു പിന്നാലെ കിം ജോങ് ഉന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ മാസങ്ങളെടുക്കുമെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. അമ്മമാര്‍, കുട്ടികള്‍, പ്രായമായവര്‍, പരിക്കേറ്റ സൈനികര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 15,400 പേര്‍ക്ക് പ്യോങ്യാങ്ങില്‍ സര്‍ക്കാര്‍ അഭയം നല്‍കിയിരുന്നു.