വെറും ഒരു മീറ്റർ മാത്രം വലിപ്പം, ഇടിച്ചിറങ്ങും മുൻപ് കണ്ടെത്തി, വിസ്മയ കാഴ്ചയൊരുക്കി ഛിന്നഗ്രഹം

Advertisement

ലൂസോൺ: ഫിലിപ്പൈൻസിന്‍റെ ആകാശത്തിൽ വിസ്മയമായി ഛിന്നഗ്രഹം. ലുസോൺ ദ്വീപിന് മുകളിൽവെച്ച് കത്തി തീരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പതിക്കും മുമ്പ് കാറ്റലീൻ സ്കൈ സർവേയാണ് ഛിന്നഗ്രഹത്തിന്റെ വരവ് പ്രവചിച്ചത്. 2024 RW1 എന്നു പേര് നൽകിയ ചെറു ചിന്നഗ്രഹം ഭൂമിയിൽ പതിച്ചു. ലുസോൺ ദ്വീപിന് മുകളിൽ വച്ച് ചിന്നഗ്രഹം കത്തി തീർന്നു എന്നാണ് അനുമാനം. നാസയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കാറ്റലീൻ സ്കൈ സർവ്വേ ഇന്ന് രാവിലെയാണ് ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

ഒരു മീറ്റർ മാത്രം വലിപ്പമുള്ള ചിന്നഗ്രഹം ആയിരുന്നു 2024 RW1. ഇത്തരം ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ പതിക്കുന്നത് സാധാരണമാണെങ്കിലും വീഴും മുമ്പ് തന്നെ അവയെ കണ്ടെത്തുന്നതും വീഴുന്ന സമയം കണക്കാകുന്നതും അപൂർവ്വമായാണ്. ഇത് വരെ എട്ട് ഛിന്നഗ്രഹങ്ങളുടെ ഇടിച്ചിറക്കം മാത്രമേ ഇതിന് മുമ്പ് പ്രവചിക്കാൻ പറ്റിയിട്ടുള്ളൂ.

അതേസമയം സെപ്തംബർ 15ന് ഭൂമിയുടെ സമീപത്ത് കൂടി കടന്ന് പോകുന്ന ഭീമൻ ഛിന്നഗ്രഹത്തെ ഏറെ ആശങ്കയോടെയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നിരീക്ഷിക്കുന്നത്. 2024 ഒഎന്‍’ (2024 ON) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം സെപ്റ്റംബര്‍ 15നാണ് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോവുക എന്നാണ് നാസയുടെ അനുമാനം. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുണ്ട് എന്നതാണ് 2024 ON ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ നാസയെ പ്രേരിപ്പിക്കുന്നത്.

അടുത്ത് കാലത്ത് ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഛിന്നഗ്രഹങ്ങളിലെ ഏറ്റവും വലുതാണിത്. ഭൂമിക്ക് അടുത്തെത്തുന്ന ബഹിരാകാശ വസ്‌തുക്കളെ നിരീക്ഷിക്കുന്ന നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാമാണ് 2024 ON ഛിന്നഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹം ഈ സെപ്റ്റംബര്‍ 15ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും