600 വർഷം പഴക്കമുള്ള പവിഴപ്പുറ്റ് കണ്ടെത്തി; താപനിലയിലെ ഏറ്റക്കുറച്ചിൽ പറയും ചരിത്രരേഖ

Advertisement

സമീപകാലത്തായി ആഗോളതാപനം എന്ന പ്രതിഭാസം സമുദ്രത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ എല്ലാവരും ബോധവാന്മാരാണ്. ആഗോളതാപനം മൂലമുണ്ടായ സമുദ്രതാപനം കാഴ്ചയിൽ തന്നെ വ്യക്തമായതോടെയാണ് അത് സൃഷ്ടിക്കുന്ന അപകടകരമായ പരിതസ്ഥിതിയെക്കുറിച്ച് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയത്. എന്നാൽ സമുദ്രത്തിൽ ഇപ്പോഴത്തെ അളവിലല്ലെങ്കിലും എല്ലായ്പോഴും താപനിലയിൽ കാലഘട്ടങ്ങൾക്ക് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഫിജിയുടെ തീരത്തായി പസഫിക്കിൽ കണ്ടെത്തിയ ഒരു പവിഴപ്പുറ്റിന് 600 വർഷത്തിൽ ഏറെയാണ് പ്രായം. അതുകൊണ്ട് തന്നെ പസഫിക്കിന്റെ കഴിഞ്ഞ പാതി സഹസ്രാബ്ദത്തിന്റെ താപനിലയിലുണ്ടായ ഏറ്റക്കുറച്ചിൽ കണക്കുകൾ ഈ പവിഴപ്പുറ്റിന് പറയാൻ കഴിയും.

മനുഷ്യനിർമിതമായ ഈ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനിലയിലുണ്ടാകുന്ന വർധനവും സമുദ്രങ്ങളിലെ പവിഴപ്പുറ്റുകളെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. താപനില വർധിക്കുന്നതോടെ കടൽജലത്തിന്റെ അംമ്ലാംശവും വർധിക്കും. ഇതോടെ പവിഴപ്പുറ്റുകൾ ബ്ലീച്ചിങ്ങിന് വിധേയമായി നശിക്കുകയാണ് ചെയ്യുക. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റു ശൃംഖലയായ ഓസ്ട്രേലിയൻ കടൽ മേഖലയിലെ ഗ്രേറ്റ് ബാരിയർ റീഫ് ഉൾപ്പടെയുള്ളവ ഈ ഭീഷണിയിലൂടെ കടന്ന് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ആറ് നൂറ്റാണ്ടുകളായി പല തരത്തിലുള്ള താപനിലാ മാറ്റങ്ങളുടെ കാലഘട്ടങ്ങളെ അതിജീവിച്ച ഫിജിയിലെ പവിഴപ്പുറ്റ് സൂക്ഷിച്ചിരിക്കുന്ന ചരിത്ര രേഖകൾ നിർണായകമാകുന്നതും.

പവിഴപ്പുറ്റിന്റെ പ്രത്യേകത

ലോകചരിത്രത്തിൽ ഉണ്ടായിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങളുടെ രേഖകൾ ഭൂമിയിലെ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമാണ്. എന്നാൽ ഫിജിയിലെ പവിഴപ്പുറ്റിന്റെ പ്രത്യേകത കഴിഞ്ഞ 600 വർഷത്തിനിടയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ തുടർച്ചയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇതുവരെ കാലാവസ്ഥാ ചരിത്രപഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളിൽ ഉള്ള വിടവുകൾ നികത്താൻ ഈ പവിഴപ്പുറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് സാധിക്കും.

1998 ലാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തുന്നത്. ഒരു മേശയോളം വലിപ്പമുള്ള പാറക്കല്ലിന്റെ ആകൃതിയിലാണ് ഈ പവിഴപ്പുറ്റ് ഉള്ളത്. പൂർണ്ണമായും പച്ചനിറത്തിലാണ് ഈ പവിഴപ്പുറ്റ് കാണപ്പെടുന്നത്. ബോൾഡർ കോറൽ എന്ന ഇനത്തിൽ പെട്ട ഈ പവിഴപ്പുറ്റിന്റെ ഉള്ളിൽ ചെറിയ തുരങ്കങ്ങൾ ഉണ്ടാക്കിയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് മുൻപേ തന്നെ വിവരശേഖരണം ആരംഭിച്ചിരുന്നു എങ്കിലും, സാങ്കേതിക വിദ്യയുടെ സാധ്യതകൾ വർധിച്ചതോടെ ഇപ്പോൾ ഈ പവിഴപ്പുറ്റിൽ നിന്നുള്ള സാംപിളുകളുടെ നിരീക്ഷണവും വിവരശേഖരണവും കൂടുതൽ ഫലപ്രദമുള്ളതാക്കി മാറ്റിയിട്ടുണ്ട്.

ഇതിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വച്ച് 1300കളുടെ അവസാനം മുതലുള്ള കാലാവസ്ഥാ രേഖകൾ ലഭ്യമാണ്. ഈ കാലയളവിൽ ഫിജി സമുദ്രമേഖലയിൽ സംഭവിച്ചിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങൾ വ്യക്തമായി തന്നെ പവിഴപ്പുറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നൂറ്റാണ്ടുകളുടെ കാലാവസ്ഥാരേഖകൾ തുടർച്ചയായി സമുദ്രത്തിലെ ഒരു സ്രോതസ്സിൽ നിന്ന് ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

കാലത്തെ അതിജീവിക്കുന്ന പവിഴപ്പുറ്റുകൾ

വലിയ പവിഴപ്പുറ്റുകൾ കാലത്തെ അതിജീവിക്കുന്നത് അത്ഭുതകരമായ കാര്യമല്ല. ഇവയുടെ ഘടനയാണ് ഇങ്ങനെ കാലങ്ങളോളം നിലനിൽക്കാൻ പവിഴപ്പുറ്റുകളെ സഹായിക്കുന്നത്. അസ്ഥികൂടം പോലെ ഒരു രൂപമാണ് പവിഴപ്പുറ്റുകളുടെ അടിത്തറ. ഇവയ്ക്ക് മേലെയാണ് പവിഴപ്പുറ്റുകളുടെ പുറമേക്കും കാണുന്ന ഭാഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ അടിത്തറയ്ക്ക് കേട് വരാത്ത കാലത്തോളം മുകളിലേക്ക് പല തട്ടുകളായി പവിഴപ്പുറ്റുകൾ വളർന്ന് കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള വിവിധ തട്ടുകളിലായി വിവിധ കാലഘട്ടങ്ങളിലെ താപനിലയും ലവണാംശവും ഉൾപ്പടെ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നതും.

ഇത്തരം പവിഴപ്പുറ്റ് അസ്ഥികൂടങ്ങളിലെ രണ്ട് ഘടകങ്ങളെയാണ് ഗവേഷകർ താപനിലാ ചരിത്രത്തിനായി പഠന വിധേയമാക്കിയത്. സ്ട്രോന്റിയവും കാത്സ്യവും ആയിരുന്നു ഈ ഘടകങ്ങൾ. പവിഴപ്പുറ്റ് നിലനിന്നിരുന്ന മേഖലയിൽ താപനില കൂടിയ അവസരങ്ങളിൽ കാത്സ്യത്തേക്കാൾ കൂടുതൽ സ്ട്രോന്റിയം ആകും ആ കാലഘട്ടത്തിൽ കാണപ്പെടുക. ചൂടിന് പകരം കടലിലെ താപനില തണുപ്പുള്ള സമയമാണെങ്കിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായി കാണപ്പെടും. ഇങ്ങനെ ഈ രണ്ട് ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ചുകൊണ്ടാണ് ഇക്കാലമത്രെയും ഈ പവിഴപ്പുറ്റ് കടന്ന് വന്ന താപനിലാ സാഹചര്യങ്ങൾ ഗവേഷകർ വിലയിരുത്തിയത്.

ഇന്റർഡെക്കേഡൽ പസഫിക് ഓസിലേഷൻ

ഓരോ 25 മുതൽ 30 വർഷം വരെ കൂടും തോറും പസഫിക്കിലുണ്ടാകുന്ന താപനിലാ മാറ്റവും, ഓക്സിജന്റെ അളവിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇന്റർഡെക്കേഡൽ പസഫിക് ഓസിലേഷൻ എന്ന് അറിയപ്പെടുന്നത്. ഇങ്ങനെ ഇന്റർഡക്കേഡൽ ഓസിലേഷന്റെ വിശദമായ പഠനത്തിനും ഈ പവിഴപ്പുറ്റ് അസ്ഥികൂടം സഹായകമായി. കൂടാതെ ഇനി വരുന്ന ദശാംബ്ദങ്ങളിൽ ഇന്റർഡെക്കേഡൽ ഓസിലേഷൻ എങ്ങനെ പെരുമാറാം എന്നതിന്റെ ധാരണയും ഈ പഠനത്തിലൂടെ ഗവേഷകർ രൂപീകരിച്ചു.

ഫിജിയിലെ ഈ കോറൽ മാത്രമല്ല പൊതുവെ ബോൾഡർ കോറൽ വിഭാഗത്തിൽ പെട്ട എല്ലാ പവിഴപ്പുറ്റുകൾക്കും ഏറെ നാൾ അതിജീവിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പവിഴപ്പുറ്റുകളും അതാത് മേഖലകളിലെ താപനിലാമാറ്റങ്ങളെക്കുറിച്ചുള്ള വിവരശേഖരം നടത്തിയിരിക്കുന്നവയാണ്. ഇവയിലുള്ള പഠനവും അതിന് പാലിയോഓഷ്യാനോഗ്രാഫിക് ചരിത്ര രേഖകളും ചേർത്ത് വച്ചാൽ അത് സമുദ്ര പഠനത്തിൽ ഇത് വരെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാത്ത ഏടുകളേക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

Advertisement