ലോകം ഇന്ന് ഏറ്റവും അധികം നേരിടുന്ന പ്രശ്നം കാലാവസ്ഥാ വ്യതിയാനം തന്നെയാണ്. അടുത്ത മണിക്കൂറിൽ പ്രകൃതിയിൽ എന്ത് സംഭവിക്കും എന്ന് പോലും ഉറപ്പിക്കാനാവാത്തത്ര മോശമായ അവസ്ഥയിലേക്ക് കാലാവസ്ഥ മാറിമറിഞ്ഞു കഴിഞ്ഞു.
കോടിക്കണക്കിന് മനുഷ്യരും ജീവജാലങ്ങളും ഈ ദുരന്തത്തിന്റെ ആഘാതം അനുഭവിക്കുന്നുണ്ടെങ്കിലും അതിന് ഒരുപറ്റം പെൺകുട്ടികളുടെ ഭാവിയെ പോലും തകിടം മറിക്കാൻ ശക്തിയുണ്ടെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രഹരങ്ങളിൽ നിന്നും രക്ഷനേടാൻ പ്രായപൂർത്തി ആകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാൻ നിർബന്ധിതരാകുകയാണ് പാകിസ്താനിലെ മാതാപിതാക്കൾ.
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾക്ക് ആനുപാതികമായി പാക്കിസ്ഥാന്റെ പല മേഖലകളിലും ശൈശവ വിവാഹങ്ങൾ വർധിക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെല്ലാം തുടക്കം കുറിച്ചത് 2022 ൽ പാക്കിസ്താൻ സാക്ഷ്യം വഹിച്ച മഹാപ്രളയത്തോടെയാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സമ്മർ മൺസൂൺ കാലം കുറച്ചു നാളുകൾക്ക് മുൻപ് വരെ പാകിസ്താനിലെ കർഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സമയമായിരുന്നു. വിളകൾക്ക് ഏറ്റവും അനുയോജ്യമായ ഈ കാലാവസ്ഥയാണ് പല പ്രദേശങ്ങളിലും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയിരുന്നത്.
എന്നാൽ കാലാവസ്ഥാ വ്യതിയാനം പിടിമുറുക്കിയതോടെ മൺസൂണിന്റെ ഭാവം മാറി. അതി ശക്തമായ മഴ ജനജീവിതം ദുരിതത്തിലാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നു മാത്രമല്ല സാധാരണയിലും അധിക ദിവസങ്ങളോ ആഴ്ചകളോ മഴ നീണ്ടുനിൽക്കുന്നത് കൃഷിയിടങ്ങൾക്ക് വലിയ ദോഷങ്ങൾ വരുത്തിവയ്ക്കുന്നു. മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഈ കാലയളവിൽ നിത്യസംഭവമായി തീർന്നു. കഷ്ടപ്പെട്ട് കാത്തു പരിപാലിക്കുന്ന വിളകൾ കൺമുന്നിൽ നിമിഷനേരംകൊണ്ട് നാമാവശേഷമാകുന്ന കാഴ്ച. കൃഷിയിടങ്ങളും വീടും സകലതും നഷ്ടപ്പെട്ട് വിധിയെ പഴിച്ച് ജീവിക്കേണ്ടിവരുന്ന അവസ്ഥയാണ് ഭൂരിഭാഗം ജനങ്ങളുടേതും.
2022ലെ പ്രളയക്കെടുതിയിൽ നിന്നും കരകയറാത്തവർ ഇനിയും ബാക്കിയുണ്ട്. കുടുംബത്തിന് ആഹാരം പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തെ മറികടക്കാൻ ചെറിയ പ്രായത്തിലുള്ള പെൺമക്കളെ വിവാഹം കഴിപ്പിച്ചു വിടുക എന്നതാണ് പല മാതാപിതാക്കളും കണ്ടെത്തുന്ന അവസാന അത്താണി. ഒരുകാലത്ത് ശൈശവ വിവാഹങ്ങൾ ഏറെ നടന്നിരുന്ന പ്രദേശങ്ങളിൽ പോലും കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ പുരോഗമനപരമായ മാറ്റങ്ങൾ വന്നിരുന്നെങ്കിലും വീണ്ടും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാൻ നിർബന്ധിതരാവുകയാണ് ഇവർ. മൺസൂൺ കാലത്തെ ജീവിത പ്രാരാബ്ധങ്ങളെ മറികടക്കാൻ വിവാഹം ചെയ്യണ്ടി വരുന്ന 15 വയസ്സു പോലുമില്ലാത്ത പെൺകുട്ടികൾ ‘മൺസൂൺ വധുക്കൾ’ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.
ഉപജീവനത്തിന് ഒരു മാർഗവും കണ്ടെത്താനാവാതെ വരുന്നതോടെ പെൺകുട്ടികളെ വിവാഹം ചെയ്തു പകരമായി പണം സ്വീകരിക്കുന്ന പ്രവണത നാൾക്കുനാൾ വർധിച്ചുവരുന്നു. പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ദാതു ജില്ലയിലാണ് ഇത്തരം വിവാഹങ്ങളിൽ ഏറിയ പങ്കും നടക്കുന്നത്. സ്വന്തം പ്രായത്തെക്കാൾ ഇരട്ടിയിലധികം പ്രായമുള്ളവരെ പോലും വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥയിലൂടെയാണ് ഇവിടുത്തെ പെൺകുട്ടികൾ കടന്നുപോകുന്നത്. കഴിഞ്ഞ മൺസൂൺ മുതൽ ഈ മൺസൂൺ കാലം വരെ 45 ൽ അധികം ശൈശവ വിവാഹങ്ങൾ നടന്ന ഗ്രാമങ്ങൾ പോലുമുണ്ട്.
ഉപജീവനത്തിന് പണം നേടുക എന്നതിനപ്പുറം വിവാഹം ചെയ്തു വിടുന്നതോടെ പട്ടിണിയിൽ നിന്നും മകളെയെങ്കിലും രക്ഷിക്കാനാകും എന്ന പ്രതീക്ഷയും ഈ മാതാപിതാക്കൾക്കുണ്ട്. വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട് അഭയാർഥി ക്യാംപുകളിൽ നിന്നുമാണ് പലരും പെൺകുട്ടികളെ വരനൊപ്പം പറഞ്ഞുവിടുന്നത്. രണ്ടര ലക്ഷം പാക്കിസ്ഥാൻ രൂപ വരെ പെൺകുട്ടിയുടെ വീട്ടുകാർക്ക് വരനും കുടുംബവും പ്രതിഫലമായി കൈമാറാറുമുണ്ട്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടാകുന്ന പ്രായമായില്ലെങ്കിലും വിവാഹം നടക്കാൻ പോകുന്നു എന്നറിയുന്നതോടെ ഒട്ടേറെ സ്വപ്നങ്ങൾ നെയ്തുകൂട്ടിയാണ് ഓരോ വധുവും വരന്റെ കൈപിടിച്ചിറങ്ങുന്നത്. എന്നാൽ ഇതോടെ ഇവരുടെ പ്രശ്നം അവസാനിക്കുന്നില്ല എന്നതാണ് മറ്റൊരു ഭയാനകമായ വസ്തുത.
ഭൂരിഭാഗം ആളുകളും വധുവിന്റെ വീട്ടുകാർക്ക് കൊടുക്കാനുള്ള പണം വായ്പ എടുത്താണ് സ്വരൂപിക്കുന്നത്. ഫലമോ, കുറച്ചുനാളുകൾക്കുള്ളിൽ തന്നെ കടബാധ്യത മൂലം ഇവരുടെ ജീവിതം ദുസ്സഹമാകുന്നു. ജോലിയോ നിത്യവൃത്തിക്ക് മറ്റു വഴികളോ ഇല്ലാതെ ജീവിതം വഴിമുട്ടി കൈക്കുഞ്ഞുങ്ങളുമായി തിരികെ മാതാപിതാക്കരികിലേയ്ക്ക് ചെറുപ്രായത്തിൽ തന്നെ മടങ്ങുന്ന പെൺകുട്ടികളും നിരവധിയാണ്. ലോകത്തിൻ്റെയും പാക്കിസ്ഥാന്റെ തന്നെയും മറ്റു പല ഭാഗങ്ങളിലും പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം എന്ന് കണക്കാക്കുന്ന പ്രായത്തിൽ ഒന്നിലധികം കുട്ടികളുമായി ഇനി ജീവിതം എന്ത് എന്നറിയാതെ പകച്ചു നിൽക്കുകയാണ് ഇവിടുത്തെ മൺസൂൺ ബ്രൈഡുകൾ.
ശൈശവ വിവാഹ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളിൽ അഞ്ചു വർഷംകൊണ്ട് ഉണ്ടായ പുരോഗതി ഒറ്റയടിക്ക് ഇല്ലാതാകുന്ന നിലയിലാണ് പ്രളയത്തിനുശേഷം പാക്കിസ്ഥാനിലെ പ്രായം തികയാത്ത പെൺകുട്ടികളുടെ വിവാഹ കണക്കുകൾ പുറത്തുവരുന്നത് എന്ന് യൂണിസെഫിന്റെ റിപ്പോർട്ടിലും പറയുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ സന്നദ്ധ സംഘടനകളും മനുഷ്യാവകാശ സംഘടനകളുമൊക്കെ രംഗത്തുണ്ട്. ഇവരുടെ ഇടപെടലുകളിലൂടെ വിവാഹം മാറ്റിവച്ചതിനെ തുടർന്ന് പിന്നീട് കൈത്തൊഴിലുകൾ പരിശീലിച്ച് തുച്ഛമെങ്കിലും ഉപജീവനമാർഗം കണ്ടെത്താനും പഠനം തുടരാനും സാധിച്ച പെൺകുട്ടികളെയും കാണാം. മൺസൂൺ മഴ പെയ്തു തുടങ്ങുമ്പോൾ ജീവിതം ഇരുട്ടിലാകുമോ എന്ന് ഭയന്ന് കഴിയുകയാണ് ഇന്ന് ഇവിടങ്ങളിലെ പെൺകുട്ടികൾ.