കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകും’: സംവാദത്തിൽ പോരടിച്ച് കമലയും ട്രംപും

Advertisement

വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പോരടിച്ച് സ്ഥാനാർഥികളായ ഡൊണാൾ‌ഡ് ട്രംപും കമല ഹാരിസും. ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡന്റ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തിൽ പറഞ്ഞു. ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നായിരുന്നു ട്രംപിന്റെ മറുപടി.

ക്യാപ്പിറ്റോൾ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടക്കുന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്ന് ആക്രമണത്തെ കമല വിശേഷിപ്പിച്ചു. കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു.

ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ‌ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്തദാനം നടത്തി. രണ്ടു മാസം മുൻപ് തങ്ങളുടെ പ്രസിഡൻഷ്യൽ സംവാദത്തിനായി കണ്ടുമുട്ടിയപ്പോൾ ട്രംപും പ്രസിഡന്റ് ജോ ബൈഡനും ഹസ്തദാനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Advertisement