ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റുമായി ബന്ധമുണ്ടെന്നു കരുതുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നെക്‌ലസ് ലേലത്തിനെത്തുന്നു. 500 വജ്രങ്ങൾ പതിച്ച നെക്‌ലസ് പ്രമുഖ ഫൈൻ ആർട്ട് കമ്പനിയായ സോതെബീസ് ആണ് വിൽപനയ്ക്ക് എത്തിക്കുന്നത്. നെക്‌ലസിന് 24 കോടിയോളം രൂപയാണ് വിൽപനത്തുക പ്രതീക്ഷിക്കുന്നത്.
ഈ നെക്‌ലസിനെ കുറിച്ച് ചില കഥകളും പ്രചരിച്ചിരുന്നു. ഫ്രഞ്ച് രാജ്ഞി മാരി ആന്റോണെറ്റിന്റെ മരണവുമായി ബന്ധമുണ്ടെന്നു കരുതുന്നതാണ് ഈ നെക്‌ലസ്. നവംബറിലാണ് ലേലം നടക്കുക. ഏഷ്യയിലെ സ്വകാര്യ ശേഖരത്തിലുള്ള ആഭരണം നവംബർ 11ന് ജനീവയിലെത്തും. ഒക്ടോബർ 25 മുതൽ ആഭരണത്തിന്റെ ഓൺലൈൻ ലേലം ആരംഭിക്കും. മൂന്ന് നിരകളിലായി വജ്രങ്ങൾ പതിച്ച രീതിയിലാണ് നെക്‌ലസിന്റെ ഡിസൈൻ. നെക്‌ലസിന്റെ അറ്റത്ത് വജ്രങ്ങൾ കൊണ്ടുള്ള മനോഹരമായ അലുക്കുകളും ഉണ്ട്.
1937ൽ ജോർജ് നാലമന്റെയും 1953ൽ എലിസബത്ത് രാജ്ഞിയുടെയും കിരീടധാരണ ചടങ്ങിൽ മാത്രമാണ് ഈ ആഭരണം പൊതുയിടത്തിൽ അണിഞ്ഞിട്ടുള്ളതെന്നാണ് സൂചന. ഗോൽക്കൊണ്ട വജ്രഖനിയിൽ നിന്നുള്ളതാണ് നെക്‌ലസിലെ വജ്രങ്ങളെന്നു കരുതുന്നു.
അൻപതു വർഷങ്ങൾക്കു ശേഷമാണ് ആഭരണം പൊതുയിടത്തിൽ പ്രദർശനത്തിനെത്തുന്നത്. ഫ്രഞ്ച് വിപ്ലവത്തിനു മുൻപാണ് ഇതിന്റെ നിർമാണമെന്നാണ് നിഗമനം. ഈ നെക്‌ലസ് ഇപ്പോഴും മനോഹരമാണ്. സാധാരണയായി ഇത്രയും പഴക്കമുള്ള ആഭരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ജോർജിയൻ കാലഘത്തിലെ ഈ നെക്‌ലസ് ഇപ്പോഴും മനോഹരമായിരിക്കുന്നത് അദ്ഭുതമാണെന്ന് ലേലം നടത്തുന്ന കമ്പനി അറിയിച്ചു. ഇത്രയും മൂല്യമുള്ള ആഭരണം ഏതെങ്കിലും രാജകുടുംബത്തിനു വേണ്ടി മാത്രമായിരിക്കും നിർമിച്ചിരിക്കുന്നതെന്നാണ് സോതെബീസ് കമ്പനി പറയുന്നത്.