കൃത്രിമ കണ്ണുകൾ വികസിപ്പിച്ച് ഗവേഷകർ

Advertisement

ഓസ്ട്രേലിയ: കൃത്രിമ കണ്ണുകള്‍ വികസിപ്പിച്ച് ഗവേഷകര്‍. ഓസ്ട്രേലിയയിലെ മോനാഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. പതിറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ലോകത്ത് ആദ്യമായി ‘ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം’ എന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിത്. കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ കൈമാറുന്ന തകരാറിലായ ഒപ്റ്റിക് നാഡികളെ മറികടന്ന് ജെന്നാരിസ് ബയോണിക് വിഷന്‍ സിസ്റ്റം തലച്ചോറിന്റെ കാഴ്ച കേന്ദ്രത്തിലേക്ക് നേരിട്ട് സിഗ്നലുകള്‍ അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് വസ്തുക്കള്‍ കാണാന്‍ സാധിക്കും. ബയോണിക് ഐ മൃഗങ്ങളില്‍ വിജയകരമായി പരീക്ഷിച്ച ശേഷം മനുഷ്യരില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനായി മെല്‍ബണില്‍ തയ്യാറെടുക്കുകയാണ്. കാഴ്ചയില്ലാത്ത നിരവധി ആളുകള്‍ക്ക് കാഴ്ച വീണ്ടെടുക്കുന്നതിന് ഈ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണ്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ശിരോവസ്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മിനിയേച്ചര്‍ കാമറയും വിഷന്‍ പ്രൊസസറും അടങ്ങിയതാണ് ജെന്നാരിസ് സിസ്റ്റം. കൂടാതെ ഉപയോക്താവിന് ലഭിക്കുന്ന വിഷ്വല്‍ ഡാറ്റ സ്വീകരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും തലച്ചോറില്‍ ടൈലുകള്‍, വയര്‍ലെസ് റിസീവറുകള്‍, മൈക്രോ ഇലക്ട്രോഡുകള്‍ എന്നിവ സ്ഥാപിക്കും. ഭേദമാകാത്ത അന്ധതയുള്ളവരിലാണ് ബയോണിക് വിഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക. കണ്ണിന്റെ സ്വാഭാവിക ഘടനയെ അനുകരിക്കുന്ന രീതിയിലാണ് ജെന്നാരിസ് സിസ്റ്റം നിര്‍മിച്ചിരിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here