അബുദാബി: വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ പശ്ചിമേഷ്യയുടെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എമിറേറ്റ്‌സ്, ബ്രിട്ടിഷ് എയർവേയ്‌സ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ്, ദുബായ്, ദോഹ, അബുദാബി തുടങ്ങിയ പ്രമുഖ പശ്ചിമേഷ്യൻ ഹബ്ബുകളിലേക്കുള്ള 80-ഓളം വിമാനങ്ങൾ ചൊവ്വാഴ്ച, ക്വയ്റോ, യൂറോപ്യൻ നഗരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തിരിച്ചുവിട്ടു. ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ24 (FlightRadar24)-ൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.
പല എയർലൈനുകളും ഈ മേഖലയിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ അല്ലെങ്കിൽ ബാധിത വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ ചെയ്തതായി അധികൃതർ പറഞ്ഞു. ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്‌റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേയ്ക്കു ഇന്നും നാളെയും പറക്കേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും ഉപയോക്താക്കൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതായി അറിയിച്ചു.
ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യാൻ സാധിക്കില്ലെന്നും എയർലൈൻ അറിയിച്ചു.