കനത്ത മഴയിൽ കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്നു, 9 പേർക്ക് ദാരുണാന്ത്യം

Advertisement

തായ്പേയ്: കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയിൽ തീ പടർന്നും ഒൻപത് പേർക്ക് ദാരുണാന്ത്യം. തായ്വാന്റെ തെക്കൻ മേഖലയിൽ വ്യാഴാഴ്ചയാണ് സംഭവം. ക്രാത്തോൺ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടൺ കൌണ്ടിയിലെ ആശുപത്രിയിലാണ് തീ പടർന്നത്. നേരത്തെ കൊടുങ്കാറ്റിന് പിന്നാലെ വലിയ രീതിയിലെ മണ്ണിടിച്ചിലും കൊടും മഴയും ശക്തമായ കാറ്റും ദ്വീപിനെ സാരമായി ബാധിച്ചിരുന്നു. തീ പടർന്നതിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് ഒൻുത് പേരും മരിച്ചത്. സംഭവത്തിൽ വിശദമായ അന്വഷണം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സമീപ മേഖലയിൽ നിന്ന് എത്തിയ സൈനികരുടെ അടക്കം സഹായത്തോടെയാണ് അഗ്നിരക്ഷാ സേന ആശുപത്രി ജീവനക്കാരേയും രോഗികളേയും തീ പടരുന്നതിനിടെ പുറത്ത് എത്തിച്ചത്. അവശനിലയിലായ 176ഓളം രോഗികളെയാണ് പുറത്തെത്തിച്ച് ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. കൊടും മഴയിൽ ടാർപോളിൻ കൊണ്ട് മറപിടിച്ചായിരുന്നു രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റിയത്.

മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ക്രാത്തോൺ തുറമുഖ നഗരമായ കവോസിയുംഗിൽ മണ്ണിടിച്ചിലിന് കാരണമായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി വളരെ കുറഞ്ഞ വേഗതയിൽ കിഴക്കൻ മേഖലയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ആയിരങ്ങളേയാണ് മലയോര മേഖലയിൽ നിന്ന് മാറി പാർക്കുന്നതിന് നിർബന്ധിപ്പിച്ചിട്ടുള്ളത്. കൊടുങ്കാറ്റിന് പിന്നാലെ ഉയർന്ന തിരമാലകളും മഴയും മേഖലയിലെ ഗതാഗതം, വൈദ്യുതി ബന്ധം എന്നിവയെ താറുമാറാക്കിയിരിക്കുകയാണ്.