ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം; ലക്ഷ്യം നസ്റല്ലയുടെ പിന്‍ഗാമി?

Advertisement

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്റല്ലയുടെ പിന്‍ഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ അഭയം തേടിയിരിക്കുന്ന സഫൈദിന്റെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗർഭ ബങ്കറിൽ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഇസ്രയേലിന്റെ തന്നെ ആക്രമണത്തിലാണ് നസ്റല്ലയും കൊല്ലപ്പെട്ടത്. നസ്റല്ലയുടെ പിൻഗാമിയേയും ഇസ്രയേൽ ലക്ഷ്യംവയ്ക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

മധ്യ ബെയ്റൂട്ടിൽ ലബനൻ പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള കെട്ടിടസമുച്ചയത്തിൽ ബുധനാഴ്ച രാത്രി ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. സംഘടനയുടെ ആരോഗ്യസേവന വിഭാഗത്തിലാണ് ആക്രമണമുണ്ടായതെന്നും രണ്ട് ആരോഗ്യപ്രവർത്തകരടക്കമാണു കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി.

കരയുദ്ധം ശക്തമാകുന്ന തെക്കൻ ലബനൻ അതിർത്തിയിൽ പ്രവിശ്യാതലസ്ഥാനമായ നബാത്തിയഹ് അടക്കം 25 പട്ടണങ്ങളിൽനിന്നുകൂടി ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, മറോൺ അൽ റാസ് ഗ്രാമത്തിൽ ഇസ്രയേൽ സൈനികരെ ലക്ഷ്യമിട്ടു ബോംബ് സ്ഫോടനം നടത്തിയെന്നും വടക്കൻ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങൾക്കുനേരെ 20 മിസൈൽ ആക്രമണങ്ങൾ നടത്തിയെന്നും ഹിസ്ബുല്ല പറഞ്ഞു..