ട്രെയിന്‍ കാത്ത് നിക്കവെ മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, കഴിയും മുന്നേ പിടിവീണു; വീഡിയോ വൈറൽ

Advertisement

ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ കുറിച്ച് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. മുതിര്‍ന്നവരോട് അനുകമ്പയോടെയുള്ള പെരുമാറ്റം മുതല്‍ ഒരു റോഡ് മുറിച്ച് കടക്കുന്നത് വരെ ഏത് കാര്യത്തിലും ലോകത്തെ ഏത് സമൂഹത്തെയും ആകര്‍ഷിക്കുന്ന തരത്തില്‍ ചിട്ടയോടെയുള്ള പ്രവര്‍ത്തികള്‍ക്ക് ജാപ്പനീസ് സമൂഹം ലോകപ്രശസ്തമാണ്.

എന്നാല്‍ ഒരു സമൂഹത്തിലെ എല്ലാ മനുഷ്യരും ഒരു പോലെയല്ല. കാരണം, ഓരോ മനുഷ്യരുടെയും ജീവിതം കടന്ന് പോകുന്നത് തികച്ചും വ്യത്യസ്തമായ വഴികളിലൂടെയാണ് എന്നത് തന്നെ. സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഈ വ്യത്യസ്ത ലോകത്തിന് മുന്നില്‍ പങ്കുവയ്ക്കപ്പെടുന്നു.

ജപ്പാനില്‍ നിന്നും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. പലരും ജപ്പാന്‍കാരോ? ഇങ്ങനെയോ? എന്ന അതിശയത്തിലായിരുന്നു. സംഗതി, നമ്മുടെ നാട്ടിലൊക്കെ പതിവായി കാണാറുള്ളത് തന്നെ. പൊതുവഴിയുടെ മതിലിനോട് ചേര്‍ന്ന് നിന്നുള്ള പുരുഷന്മാരുടെ മൂത്രമൊഴിക്കല്‍. പക്ഷേ, ജാപ്പനീസ് യുവാവില്‍ നിന്നും. അതും സബ്‍വേ പോലൊരു പൊതു സ്ഥലത്ത് അത്തരമൊരു പ്രവര്‍ത്തി ആരും പ്രതീക്ഷിച്ചില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് അരവിന്ദ് എന്ന എക്സ് ഹാന്‍റില്‍ നിന്നും ഇങ്ങനെ കുറിച്ചു,’ എല്ലാ ഇന്ത്യക്കാരും അറിയാന്‍. അതെ, ഇന്ത്യയിൽ ഇത് സംഭവിക്കുന്നു, പക്ഷേ, ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കരുത്. മറ്റ് രാജ്യങ്ങൾ എന്തുകൊണ്ടോ സ്വർഗ്ഗമല്ല, കാരണം, ലോകമെമ്പാടും എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങൾ നിങ്ങൾക്ക് കാണിച്ച് തരുന്നില്ല. മെട്രോ സ്റ്റേഷനിൽ ആകസ്മികമായി മൂത്രമൊഴിക്കുന്ന ഒരു ജാപ്പനീസ് യുവാവ്.’

വീഡിയോയില്‍ ഒരു യുവാവ് സ്വയം മറന്ന്, മെട്രോയുടെ പാളത്തിലേക്ക് മൂത്രമൊഴുക്കുന്നത് കാണാം. ഇരുപുറവുമുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ചിലര്‍ ഇത് ശ്രദ്ധിക്കുകയും മറ്റ് ചിലര്‍ സ്വാഭാവികം എന്ന രീതിയില്‍ കടന്ന് പോവുകയും ചെയ്യുന്നു. ഇതിനിടെ ഒരാള്‍ കാമറയ്ക്ക് മുന്നിലൂടെ കടന്ന് പോയതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് യുവാവിന്‍റെ ചുമലിന് പിടിച്ച് കൂട്ടിക്കൊണ്ട് പോകുന്നതും കാണാം. ഈ സമയം എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്തൊരു ഭാവമാണ് യുവാവിന്‍റെ മുഖത്ത്. വീഡിയോ ഇതിനകം പത്ത് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി. “യൂറോപ്പിൽ, പ്രത്യേകിച്ച് ഫ്രാൻസിലെ പല പൊതുനടപ്പാതകളും മൂത്രം പുരണ്ടിരിക്കുന്നു” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ‘വെറും പത്ത് സെക്കന്‍റിനുള്ളില്‍ ജാപ്പനീസ് അധികാരികള്‍ സംഗതി കൈകാര്യം ചെയ്തു.’ മറ്റൊരു കാഴ്ചക്കാരന്‍ ജപ്പാന്‍കാരുടെ കരുതല്‍ എടുത്ത് കാട്ടി.