ബഹിരാകാശ നിലയത്തിൽനിന്ന് 4 പേർകൂടി മടങ്ങിയെത്തി; ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement

കേപ് കനാവറൽ: എട്ടു മാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാല് സഞ്ചാരികൾകൂടി ഭൂമിയിലേക്കു മടങ്ങി. സ്പേസ് എക്സ് പേടകത്തിലെത്തിലെത്തിയ ഇവർ ഫ്ലോറിഡ തീരത്തിനുസമീപം പാരഷൂട്ടിൽ ഇറങ്ങി.

യുഎസ് സ്വദേശികളായ മാത്യു ഡൊമിനിക്, മൈക്കിൾ ബാരെറ്റ്, ജനെറ്റ് എപ്സ്, റഷ്യൻ സ്വദേശി അലക്സാണ്ടർ ഗ്രിബെൻകിൻ എന്നിവരാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഇവരിൽ ഒരാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹിരാകാശ സഞ്ചാരിയുടെ പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ കാരണവും നാസ വെളിപ്പെടുത്താൻ തയാറായില്ല.

മൂന്ന് അമേരിക്കക്കാരും ഒരു റഷ്യക്കാരനുമടങ്ങുന്ന സംഘം രണ്ട് മാസം മുൻപ് എത്തേണ്ടതായിരുന്നെങ്കിലും ഇവരെ മടക്കിക്കൊണ്ടുവരേണ്ട ബോയിങ് സ്റ്റാർലൈനറിലെ തകരാറു മൂലം ദൗത്യം വൈകി. മിൽട്ടൻ ചുഴലിക്കാറ്റും തടസ്സപ്പെടുത്തി. ഇന്ത്യൻ വംശജയായ സുനിത വില്യംസ് അടക്കം നാല് പേർകൂടി നിലയത്തിലുണ്ട്. ഇവർ ഫെബ്രുവരിയോടെ മടങ്ങിയെത്തും.