പാരാഗ്ലൈഡിങ് ലോകകപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിര്‍ബില്ലിങിനെ നടുക്കി അപകടം. ആകാശപ്പറക്കലിനിടെ മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ച് 65കാരനായ സാഹസികന് ദാരുണാന്ത്യം. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെല്‍ജിയം സ്വദേശിയായ ഫെയാറെറ്റാണ് മരിച്ചത്. പറക്കലിനിടെ രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഒപ്പം കൂട്ടിയിടിച്ച പോളണ്ടുകാരനായ പാരാഗ്ലൈഡര്‍ സുരക്ഷിതനാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് ഇരുവരും പറക്കല്‍ ആരംഭിച്ചത്. കൂട്ടിയിടിച്ചതിന് പിന്നാലെ ബെല്‍ജിയം സ്വദേശിയുടെ ഗ്ലൈഡര്‍ തകര്‍ന്ന് കാടിനുള്ളിലേക്ക് പതിച്ചു. ഫെയാറെറ്റിന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല. ഒപ്പം കൂട്ടിയിടിച്ച പോളണ്ട് സ്വദേശി ഗ്ലൈഡറോടെ മരത്തില്‍ കുടുങ്ങി. ഇയാളെ സുരക്ഷിതമായി താഴെയിറക്കാനായി. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെന്നും നിസാര പരുക്കുകളുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നവംബര്‍ രണ്ട് മുതല്‍ ഏഴുവരെയാണ് പാരാഗ്ലൈഡിങ് ലോകകപ്പ്.