കിഴക്കൻ സ്‌പെയിനിൽ മിന്നൽ പ്രളയം; 140 പേർ മരിച്ചു, നിരവധി പേരെ കാണാതായി

Advertisement

കിഴക്കൻ സ്‌പെയിനിൽ വെള്ളപ്പൊക്കത്തിൽ 140 പേർ മരിച്ചതായി റിപ്പോർട്ട്. കിഴക്കൻ നഗരമായ വലൻസിയെയാണ് പ്രളയം സാരമായി ബാധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും ഭീകരമായ പ്രളയത്തിൽ നദികൾ കരകവിഞ്ഞൊഴുകി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ വെള്ളപ്പൊക്കമെന്നാണ് സർക്കാർ വാർത്താ ഏജൻസിയായ ഇഎഫ്ഇ ദുരന്തത്തെ വിശേഷിപ്പിച്ചത്.
വെള്ളം കുത്തിയൊലിച്ചതോടെ ആളുകൾ വീടുകളിലും വാഹനങ്ങളിലും കുടുങ്ങി. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നിരവധി പേരെ കാണാതായതായും വിവരമുണ്ട്.

Advertisement