വലെൻസിയ: സ്പെയിനിന്‍റെ തീരദേശ നഗരമായ വലെൻസിയയിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരന്തത്തിൽ മരണസംഖ്യ 200 കടന്നു. ഏകദേശം 2000 പേരെ കാണാതായിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ദുരന്തം യൂറോപ്പിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ടൂറിസ്റ്റ് കേന്ദ്രമായ പാൽമയിൽ ഈ ദുരന്തത്തിന്‍റെ പ്രതിഫലനം വളരെ വലുതാണ്. വൻതോതിലുള്ള മഴയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ദ്വീപിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും വീടുകളിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചു. നഗരത്തിലെ പ്രധാന പ്രദേശങ്ങൾ അടച്ചുപൂട്ടി.
പാൽമയിലെ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വർഷത്തെ ശരാശരി മഴയാണ് ചില പ്രദേശങ്ങളിൽ ലഭിച്ചതാണ് വൻതോതിലുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്. വലെൻസിയയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പലയിടങ്ങളിലും വീടുകൾ തകർന്നിട്ടുണ്ട്. വാഹനങ്ങൾ ഒഴുകിപ്പോയി.
ഈ ദുരന്തത്തിൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ സ്പെയിനുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി സ്പാനിഷ് പ്രധാനമന്ത്രിയുമായി സംസാരിച്ച് അനുശോചനം അറിയിച്ചു.